മോസ്കോ: ശത്രുവിന്റെ ഫൈറ്റർ വിമാനങ്ങളെയും ക്രൂസ് മിസൈലുകളെയും വായുവിൽ നിഷ്പ്രഭമാക്കുന്ന എസ്- 400 വ്യോമ പ്രതിരോധ മിസൈൽ സംവിധാനം ഇന്ത്യക്ക് കൈമാറ്റം തുടങ്ങി റഷ്യ. ഇക്കാര്യം റഷ്യൻ പ്രതിനിധി ദിമിത്രി ഷുഗേവ് ദുബായിൽ സ്ഥിരീകരിച്ചു. റഷ്യൻ പ്രസിഡന്റ് വളാഡിമർ പുടിൻ അടുത്ത മാസം ഇന്ത്യ സന്ദർശിക്കുന്നുണ്ട്. ഇതിന് മുന്നോടിയായാണ് മിസൈൽ പ്രതിരോധ സംവിധാനം വിതരണം ആരംഭിച്ചത്.
ഇരു നേതാക്കളും ഒന്നിടവിട്ട വർഷങ്ങളിൽ ഉഭയകക്ഷി ചർച്ചകൾക്കായി പരസ്പരം സന്ദർശനം നടത്താറുണ്ട്. ഇതുവരെ ഇന്ത്യയും റഷ്യയും തമ്മിൽ 20 വാർഷിക ഉച്ചകോടികൾ നടന്നിട്ടുണ്ട്. ഇന്ത്യയുടെ അടുത്ത പ്രതിരോധ പങ്കാളികളിൽ പ്രമുഖ സ്ഥാനമാണ് റഷ്യക്കുള്ളത്.
ഇന്ത്യൻ വിദേശ നയത്തിലും നിർണായക സ്ഥാനമാണ് റഷ്യക്കുള്ളത്. 2018ൽ അമേരിക്കൻ മുന്നറിയിപ്പ് അവഗണിച്ച് റഷ്യയിൽ നിന്നും 5 ബില്ല്യൺ ഡോളറിന് അഞ്ച് യൂണിറ്റ് എസ്-400 വ്യോമ പ്രതിരോധ മിസൈൽ സംവിധാനം വാങ്ങാൻ ഇന്ത്യ കരാറൊപ്പിട്ടിരുന്നു. 2019ൽ തന്നെ ഇതിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ 800 മില്ല്യൺ ഡോളർ ഇന്ത്യ റഷ്യക്ക് കൈമാറിയിരുന്നു.









Discussion about this post