വാഷിംഗ്ടണ്‍: യു എസ് പ്രസിഡന്റ് ജോ ബൈഡന് പതിവ് ആരോഗ്യ പരിശോധനയ്ക്ക് വിധേയനായപ്പോള്‍ വൈസ് പ്രസിഡന്റായ കമല ഹാരീസ് അല്പനേരത്തേക്ക് പ്രസിഡന്‍ഷ്യല്‍ അധികാരം ഏറ്റെടുത്തു. 85 മിനിറ്റോളമാണ് ഇന്ത്യന്‍ വംശജയായ കമല ഹാരീസ് യുഎസിന്റെ നിയന്ത്രണം ഏറ്റെടുത്തത്.
വെള്ളിയാഴ്ച പതിവ് കൊളോനോസ്കോപ്പിക്കായി ബൈഡനെ അനസ്തേഷ്യയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതോടെയാണ് കമല അല്പനേരത്തേക്ക് അധികാരം കൈയാളിയത്. വൈറ്റ് ഹൗസിലെ വെസ്റ്റ് വിംഗിലുള്ള ഓഫീസില്‍ നിന്നാണ് ഹാരിസ് തന്റെ ചുമതലകള്‍ നിര്‍വഹിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
79-ാം ജന്മദിനത്തിന്റെ തലേന്നായിരുന്നു ബൈഡന് കൊളോനോസ്കോപ്പി പരിശോധനയ്ക്ക് വിധേയനായത്. ബൈഡന് ആരോഗ്യവാനാണെന്നും തന്റെ ചുമതലകള്‍ നിര്‍വഹിക്കാന്‍ അദ്ദേഹത്തിന്റെ കഴിയുമെന്നും ഓപ്പറേഷന് ശേഷം ബൈഡന്റെ ഡോക്ടര്‍ പ്രസ്താവനയില്‍ അറിയിച്ചു.
ഇത്തരം സാഹചര്യങ്ങളില്‍ താത്ക്കാലിക അധികാര കൈമാറ്റം അഭൂതപൂര്‍വമായ ഒന്നല്ലെന്നും യുഎസ് ഭരണഘടനയില്‍ പറഞ്ഞിരിക്കുന്ന പ്രക്രിയയുടെ ഭാഗമാണിതെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാക്കി പറഞ്ഞു. ജോര്‍ജ്. ഡബ്ല്യു. ബുഷ് പ്രസിഡന്റായിരിക്കെ 2002ലും 2007ലും സമാനമായ അധികാര കൈമാറ്റം നടന്നിരുന്നു.
അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു വനിത സായുധ സേനകളുടെയും അണ്വായുധങ്ങളുടെയും നിയന്ത്രണാധികാരത്തിലെത്തുന്നത്. യുഎസ് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതയാണ് തമിഴ്നാട്ടില്‍ കുടുംബവേരുകളുള്ള കമല ഹാരിസ്. ഇന്ത്യന്‍ വംശജരില്‍ നിന്ന് ഒരാള്‍ യുഎസ് വൈസ് പ്രസിഡന്റായതും ആദ്യമായിട്ടാണ്.
Discussion about this post