കൊച്ചി: ദേശീയപാതയിൽ മോഡലുകളും സുഹൃത്തും വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ ഓഡി കാറിന്റെ ഡ്രൈവർ സൈജു തങ്കച്ചനെ അന്വേഷണ സംഘം അറസ്റ്റുചെയ്തു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് സൈജു തങ്കച്ചനെ അറസ്റ്റ് ചെയ്തത്. ഇയാൾ മോഡലുകളെ പിന്തുടർന്ന ഓഡി കാറും പിടിച്ചെടുക്കും. നരഹത്യ, സ്ത്രീകളെ അനുവാദം കൂടാതെ പിന്തുടരൽ എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
ചോദ്യംചെയ്യാന്‍ വിളിച്ചതിന് ശേഷം ഇയാള്‍ ഒളിവില്‍ പോയിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷയും നല്‍കിയിരുന്നു. പോലീസ് നടപടികള്‍ കര്‍ശനമാക്കിയതിനെ തുടര്‍ന്ന് ഇന്ന് ഇയാള്‍ അഭിഭാഷകനൊപ്പം ഹാജരാവുകയായിരുന്നു. തുടര്‍ന്ന് ഏറെനേരം ചോദ്യംചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.












