ഡൽഹി: 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ജയസാധ്യതകൾ തള്ളി മുതിർന്ന നേതാവ് ഗുലാം നബി ആസാദ്. വരുന്ന തെരഞ്ഞെടുപ്പിൽ 300 സീറ്റ് നേടാൻ കോൺഗ്രസിന് കഴിയുമെന്ന് തനിക്ക് തോന്നുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിക്കണമെന്നാണ് ആഗ്രഹം, പക്ഷേ നടക്കുമെന്ന് തോന്നുന്നില്ല‘. ഇതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
ജമ്മു കശ്മീരിലെ പൂഞ്ചിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ഒരു പാർട്ടി പരിപാടിയിൽ പങ്കെടുക്കവെയാണ് ആസാദ് തന്റെ നിരീക്ഷണം അവതരിപ്പിച്ചത്. ആർട്ടിക്കിൾ 370മായി ബന്ധപ്പെട്ട വിഷയം വർഷങ്ങളായി പാർലമെന്റിൽ ഉന്നയിക്കുകയാണ്. എന്നാൽ ഇന്ന് വിഷയം കോടതിയുടെ മുന്നിലാണ്. അതിനാൽ തന്നെക്കൊണ്ട് സാധ്യമാകാത്ത കാര്യങ്ങളിൽ വാഗ്ദാനം നൽകാനില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി പദത്തെ ചൊല്ലി സംസാരിക്കുന്നതിൽ അർത്ഥമില്ല. ആർട്ടിക്കിൾ 370മായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതി വിധി എന്ന് വരുമെന്ന് അറിയില്ല. അത് വരെ നിലവിലുള്ള സർക്കാരിൽ സമ്മർദ്ദം ചെലുത്തുക മാത്രമാണ് ചെയ്യാൻ കഴിയുകയെന്നും ഗുലാം നബി ആസാദ് പറഞ്ഞു.
Discussion about this post