ബംഗളൂരു: ഇന്ത്യയിലെ ആദ്യത്തെ ഒമിക്രോണ്‍ ബാധിതനായ ദക്ഷിണാഫ്രിക്കന്‍ സ്വദേശി കഴിഞ്ഞയാഴ്ച രാജ്യം വിട്ടതായി കര്‍ണാടക സര്‍ക്കാര്‍. കഴിഞ്ഞ ശനിയാഴ്ച ഒരു സ്വകാര്യ ലാബില്‍ നിന്നുള്ള കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതിനാലാണ് 66കാരനെ രാജ്യം വിടാന്‍ അനുവദിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.
ബംഗളൂരുവില്‍ നിന്ന് ദുബായിലേക്കാണ് ഇയാള്‍ പോയത്. ഔദ്യോഗിക രേഖകള്‍ പ്രകാരം നവംബര്‍ 20ന് ദക്ഷിണാഫ്രിക്കയില്‍ നിന്ന് ബംഗളൂരുവില്‍ എത്തിയ 66കാരന് ഏഴ് ദിവസത്തിന് ശേഷം ദുബായിലേക്ക് യാത്ര ചെയ്തിതിട്ടുണ്ട്. ബംഗളൂര് കോര്പ്പറേഷന് പുറത്തിറക്കിയ യാത്രാരേഖകളിലാണ് ഈ വിവരം.
നവംബര്‍ 20ന് ബംഗളൂരുവില്‍ എത്തിയ ശേഷം ഒരു ഹോട്ടലില്‍ മുറിയെടുത്ത ഇദ്ദേഹം കൊവിഡ് പോസിറ്റീവ് ആണെന്ന് അന്നേ ദിവസം നടത്തിയ പരിശോധനയില്‍ തെളിഞ്ഞിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തെ ഒരു സര്‍ക്കാര്‍ ഡോക്ടര്‍ പരിശോധിക്കുകയും കൊവിഡ് ലക്ഷണങ്ങളൊന്നുമില്ലാത്തതിനാല്‍ സ്വയം ക്വാറന്റൈനില്‍ പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഹൈ റിസ്ക് രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ട ദക്ഷിണാഫ്രിക്കയില്‍ നിന്നും വന്ന വ്യക്തിയായതിനാല്‍ ഇദ്ദേഹത്തിന്റെ സാംപിളുകള്‍ നവംബര്‍ 22ന് ജെനോ സീക്ക്വന്സിംഗിന് വേണ്ടി അയച്ചു. എന്നാല്‍ ഇതിന്റെ പിറ്റേന്ന് ഒരു സ്വകാര്യ ലാബില്‍ നിന്ന് സ്വമേധയാ കൊവിഡ് പരിശോധന നടത്തുകയും, ഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ഇദ്ദേഹം ദുബായിലേക്ക് പോകുകയും ചെയ്തു. നവംബര്‍ 27നാണ് ഇദ്ദേഹം ദുബായിലേക്ക് പോകുന്നത്. നവംബര്‍ 22ന് അയച്ച ജെനോം സീക്ക്വന്സിംഗിന്റെ ഫലം ഇന്ന് പുറത്ത് വന്നതോടെയാണ് ഇദ്ദേഹത്തിന് ഒമിക്രോണ്‍ ആണെന്ന് സ്ഥിരീകരിച്ചത്.
Discussion about this post