ബംഗലൂരു: ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ബെംഗളൂരുവില്‍ എത്തിയ പത്ത് പേരെ കാണാനില്ലെന്ന് വിവരം. കര്‍ണാടകത്തില്‍ രാജ്യത്ത് ആദ്യമായി രണ്ടു പേരില്‍ കോവിഡ്-19 വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പുതിയ സംഭവം. വിദേശികളുടെ ബെംഗളൂരുവിലെ വിലാസം ഇനിയും കണ്ടെത്താനായിട്ടില്ല.
ആഫ്രിക്കയിൽ നിന്നെത്തിയവരെ കണ്ടെത്താൻ ശ്രമങ്ങൾ തുടരുകയാണ്. ഫോണ്‍ വിളിച്ചിട്ട് പ്രതികരണമില്ലെങ്കില്‍ അവരെ കണ്ടെത്താന്‍ കൃത്യമായ നടപടിക്രമങ്ങളുണ്ടെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു. ദക്ഷിണാഫ്രിക്കയിൽ നിന്ന് 57 യാത്രക്കാരാണ് ബെംഗളൂരുവില്‍ എത്തിയതെന്നും ഈ 57 പേരില്‍ 10 പേരുടെ വിലാസം കണ്ടെത്താന്‍ ഇനിയും സാധിച്ചിട്ടില്ലെന്നുമാണ് വിവരം.
കഴിഞ്ഞ ദിവസം കര്‍ണാടകത്തില്‍ രണ്ട് പുരുഷന്മാരിലാണ് രാജ്യത്ത് ആദ്യമായി കോവിഡ്-19 വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 66-ഉം 46-ഉം പ്രായക്കാരായ ഇവര്‍ക്ക് നേരിയ രോഗലക്ഷണങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് ജോയന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പത്രസമ്മേളനത്തിൽ പറഞ്ഞു. ഒമിക്രോണ്‍ സ്ഥിരീകരിച്ച ഒരാൾ ദക്ഷിണാഫ്രിക്കൻ പൗരനും മറ്റൊരാൾ ബംഗലൂരു സ്വദേശിയായ ഡോക്ടറുമാണ്.
Discussion about this post