ഉത്തര്‍പ്രദേശില്‍ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം അയല്‍വാസിയുടെ വീടിനുള്ളില്‍ കണ്ടെത്തി. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ഹാപൂര്‍ പട്ടണത്തിലെ വീട്ടില്‍ നിന്ന് വ്യാഴാഴ്ച വൈകുന്നേരം കാണാതായ ആറുവയസുകാരിയുടെ മൃതദേഹമാണ് ഇന്ന് രാവിലെ അയല്‍വാസിയുടെ വീട്ടിലെ തുണി നിറച്ച പെട്ടിയില്‍ കണ്ടെത്തിയത്.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചതായി ഹാപൂര്‍ പൊലീസ് എസ്.പി സര്‍വേഷ് കുമാര്‍ മിശ്ര മാധ്യമങ്ങളോട് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം ഫലത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ബലാത്സംഗം ആണോ എന്ന് സ്ഥിരീകരിക്കാനാകൂ എന്ന് അദ്ദേഹം പറഞ്ഞു. ‘ഇന്നലെ ഞങ്ങള്‍ക്ക് ഒരു പെണ്‍കുട്ടിയെ കാണാതായതായി പരാതി ലഭിച്ചു.
ഇന്ന് അയല്‍വാസിയുടെ വീട്ടില്‍ നിന്ന് അസുഖകരമായ ദുര്‍ഗന്ധം വമിക്കുന്നതായി ഞങ്ങള്‍ക്ക് വിവരം ലഭിച്ചു. ഒരു സംഘത്തെ അയച്ചെങ്കിലും മുന്‍വശത്തെ വാതില്‍ പൂട്ടിയിരിക്കുന്നതായി കണ്ടെത്തി. പൂട്ട് തകര്‍ത്ത് ഞങ്ങള്‍ പ്രദേശവാസികളുമായി വീട്ടിലേക്ക് പ്രവേശിക്കുകയായിരുന്നു’- മിശ്ര പറഞ്ഞു. മൃതദേഹം കണ്ടെത്തിയ വീടിന്റെ ഉടമയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വ്യാഴാഴ്ച വൈകുന്നേരം തന്റെ കയ്യില്‍നിന്ന് അഞ്ച് രൂപ വാങ്ങി മിഠായി വാങ്ങാനായി മകള്‍ പോയതായും പിന്നീട് തിരികെ വരാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ലെന്നും പെണ്‍കുട്ടിയുടെ പിതാവ് പറയുന്നു. പ്രദേശത്തെ സി.സി ടി.വി ദൃശ്യങ്ങളില്‍ അയല്‍വാസി മകളെ ബൈക്കില്‍ കയറ്റി വീട്ടിലേക്ക് കൊണ്ടുവരുന്നതിന്റെ ദൃശ്യങ്ങള്‍ ഉണ്ടായിരുന്നതായും പിതാവ് പറഞ്ഞു.
Discussion about this post