ലവ് ജിഹാദ് ശ്രമം പരാജയപ്പെട്ടതിൽ യുവതിയോട് കൊടും ക്രൂരത. വിവാഹ വാഹനം തടഞ്ഞ് നിർത്തി യുവതിയെ യുവാവ് വെടിവെച്ച് വീഴ്ത്തി. ഹരിയാനയിലെ റോത്തക്കിലാണ് സംഭവം. മുഹമ്മദ് സാഹിൽ എന്നയാളാണ് ക്രൂരകൃത്യം ചെയ്തത്.
തനിഷ്ക ശർമ്മ എന്ന യുവതിയാണ് അക്രമത്തിന് ഇരയായത്. വിവാഹ ചടങ്ങുകൾക്ക് ശേഷം ഭർത്താവ് മോഹനോടൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതി. മോഹന്റെ സഹോദരൻ സുനിലായിരുന്നു വാഹനം ഓടിച്ചിരുന്നത്. വാഹനം ശിവക്ഷേത്രത്തിന് സമീപം എത്തിയപ്പോൾ മറ്റൊരു വാഹനത്തിൽ പിന്തുടരുകയായിരുന്ന പ്രതികൾ കാർ കുറുകെയിട്ട് വിവാഹ സംഘത്തെ തടഞ്ഞു. തുടർന്ന് പുറത്തിറങ്ങിയ പ്രതിയും കൂട്ടാളിയും തോക്ക് ചൂണ്ടി സുനിലിനോട് ഡോർ തുറക്കാൻ ആവശ്യപ്പെട്ടു.
കാറിന്റെ താക്കോൽ കൈക്കലാക്കിയ പ്രതികൾ തനിഷ്കയുടെ നേർക്ക് നിറയൊഴിച്ചു. ഇടപെടാൻ ശ്രമിച്ച സുനിലിനെ പ്രതികൾ മർദ്ദിക്കുകയും മാല തട്ടിയെടുക്കുകയും ചെയ്തു. തുടർന്ന് വാഹനത്തിന് നേർക്ക് വീണ്ടും നിറയൊഴിച്ച ശേഷം പ്രതികൾ രക്ഷപ്പെടുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ തനിഷ്ക റോത്താകിലെ ആശുപത്രിയിൽ ചികിത്സയിലാണ്. വിശ്വനാഥ് എന്നയാളെ ഭീഷണിപ്പെടുത്തി തട്ടിയെടുത്ത കാറിലാണ് പ്രതികൾ വന്നത്. തനിഷ്കയ്ക്ക് കഴുത്തിലും നെഞ്ചിലുമായി മൂന്ന് തവണ വെടിയേറ്റു. യുവതിയുടെ അന്നനാളവും ശ്വാസകോശവും തുളച്ച വെടിയുണ്ട കരളിനും വയറിനും വൻകുടലിനും പരിക്കേൽപ്പിച്ചു. ഭർത്താവ് മോഹനും പരിക്കേറ്റിട്ടുണ്ട്.
സഹിലിനും കൂട്ടാളികൾക്കുമെതിരെ കൊലപാതക ശ്രമം, മോഷണം, ആയുധ നിയമം എന്നിവ ചേർത്ത് കേസെടുത്തിട്ടുണ്ട്. പ്രതികളെ പൊലീസ് പിടികൂടിയതായാണ് വിവരം. പ്രതികൾ വിവാഹത്തിൽ പങ്കെടുത്തിരുന്നതായും അവിടെ നിന്ന് ഭക്ഷണം കഴിച്ചിരുന്നതായും റിപ്പോർട്ടുണ്ട്.
പ്രതി പെൺകുട്ടിയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നുവെന്നും എന്നാൽ പെൺകുട്ടി അവഗണിച്ചിരുന്നുവെന്നും ബന്ധുക്കൾ മൊഴി നൽകി.
Discussion about this post