മുംബൈ: ഇന്ത്യൻ പര്യടനത്തിലെ വമ്പൻ പരാജയങ്ങൾക്കിടെ ന്യൂസിലാൻഡിന് കനത്ത പ്രഹരമായി ഐസിസി ടെസ്റ്റ് റാങ്കിംഗ്. ഇന്ത്യക്കെതിരായ പരമ്പര നഷ്ടത്തോടെ റാങ്കിംഗിലെ ഒന്നാം സ്ഥാനം കിവീസിന് നഷ്ടമായി. റെക്കോർഡ് ജയത്തോടെ ഇന്ത്യ വീണ്ടും ഒന്നാം റാങ്കിൽ തിരികെയെത്തി.
നിലവിൽ ഇന്ത്യക്ക് 124 റേറ്റിംഗ് പോയിന്റുണ്ട്. മൂന്ന് പോയിന്റ് നഷ്ടമായ ന്യൂസിലാൻഡിന് 121 പോയിന്റാണ് ഉള്ളത്. നാട്ടിൽ തോൽവി അറിയാതെയുള്ള ഇന്ത്യയുടെ തുടർച്ചയായ 14ആം ടെസ്റ്റ് വിജയമാണ് മുംബൈയിലേത്.
ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യക്കും ന്യൂസിലാൻഡിനും പിറകിൽ മൂന്നാം സ്ഥാനത്ത് ഓസ്ട്രേലിയയാണ് ഉള്ളത്. നാലാമത് ഇംഗ്ലണ്ടും അഞ്ചാമത് പാകിസ്ഥാനും ആറാമത് ദക്ഷിണാഫ്രിക്കയും ഏഴാമത് ശ്രീലങ്കയും എട്ടാമത് വെസ്റ്റ് ഇൻഡീസും ഒൻപതാമത് ബംഗ്ലാദേശും പത്താമത് സിംബാബ്വെയുമാണ് ഉള്ളത്.
മുംബൈ ടെസ്റ്റിൽ 372 റൺസിനാണ് ഇന്ത്യയുടെ വിജയം. ഇന്ത്യ 1-0ന് പരമ്പര സ്വന്തമാക്കി. ഒന്നാം ടെസ്റ്റിൽ അവസാന നിമിഷം വരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തിൽ ന്യൂസിലാൻഡ് സമനില പിടിച്ചെടുക്കുകയായിരുന്നു.












