പത്തനംതിട്ട : റാന്നിയില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്റ്റില്‍. നീണ്ടൂര്‍ സ്വദേശി ബ്ലസിയാണ് 27 ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ബ്ലസി (21) കുഞ്ഞിനെ ഭിത്തിയില്‍ തലയിടിപ്പിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
സുഖമില്ലെന്ന് പറഞ്ഞാണ് ബ്ലസിയും ഭര്‍ത്താവ് ബെന്നി സേവ്യറും കുഞ്ഞിനെ റാന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ കൊണ്ടുവന്നപ്പോള്‍ തന്നെ കുഞ്ഞ് മരിച്ചിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയതോടെയാണ് തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്ന് കണ്ടെത്തിയത്.
തുടര്‍ന്ന് പൊലീസിന്റെ ചോദ്യം ചെയ്യലിൽ കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് അമ്മ സമ്മതിക്കുകയായിരുന്നു. മാസം തികയാതെ പ്രസവിച്ച കുഞ്ഞിന് തുടര്‍ച്ചയായി അസുഖങ്ങള്‍ വന്നിരുന്നതായാണ് അമ്മയുടെ മൊഴി. സംഭവ ദിവസം കുഞ്ഞ് നിര്‍ത്താതെ കരഞ്ഞപ്പോള്‍ ഭിത്തിയില്‍ തലയിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും ഇവര്‍ പറഞ്ഞു.
ബ്ലസിയുടെ ഭര്‍ത്താവ് ബെന്നി സേവ്യര്‍ കാവാലം സ്വദേശിയാണ്. ഇരുവരും കുറച്ചുകാലമായി റാന്നിയിലാണ് താമസിച്ചിരുന്നത്. റാന്നിയിലെ ഒരു ആശ്രമത്തിലായിരുന്നു ഇവര്‍ ജോലിചെയ്തിരുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
Discussion about this post