ഡൽഹി: ബൈപോളാർ ഡിസോർഡർ ഉള്ളയാൾക്ക് ജഡ്ജിയാകാൻ അനുമതി നൽകി സുപ്രീം കോടതി. ഡൽഹി ജുഡീഷ്യൽ സർവീസസിൽ ജഡ്ജിയാകാനാണ് അനുമതി നൽകിയിരിക്കുന്നത്. രോഗാവസ്ഥയ്ക്ക് മാറ്റം വരാൻ സാധ്യതയുണ്ട് എന്ന മെഡിക്കൽ റിപ്പോർട്ട് പരിഗണിച്ചാണ് തീരുമാനം.
പ്രസ്തുത തസ്തികയിലേക്ക് നിയമനം നിഷേധിക്കപ്പെടാൻ രോഗാവസ്ഥ ഒരു കാരണമല്ലെന്ന മെഡിക്കൽ റിപ്പോർട്ട് സുപ്രീം കോടതി അംഗീകരിച്ചു. 2018ലാണ് ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്ത തസ്തികയിലേക്ക് പ്രസ്തുത നിയമജ്ഞൻ അപേക്ഷ നൽകിയത്.
മനോരോഗമുണ്ടെന്ന കാരണത്താൽ ജഡ്ജി തസ്തികയിൽ അദ്ദേഹത്തിന് പ്രവർത്തിക്കാൻ കഴിയുമോയെന്ന കാര്യത്തിൽ നിയമവിദഗ്ധർ സംശയം പ്രകടിപ്പിച്ചിരുന്നു. മനോരോഗം ഭിന്നശേഷിയുടെ പട്ടികയിൽ ഉൾപ്പെടുന്നില്ലെന്നും വാദമുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ എയിംസിലെ മുതിർന്ന മനോരോഗ വിദഗ്ധരുടെ അഭിപ്രായം കോടതി ആരായുകയായിരുന്നു.
അപേക്ഷകൻ വർഷങ്ങളായി രോഗത്തിന് മരുന്ന് കഴിക്കുകയാണ്. ബൈപോളാർ ഡിസോർഡർ ജീവിതാന്ത്യം വരെ നിലനിന്നേക്കാമെന്ന സാധ്യതയും കോടതി പരിഗണിച്ചു. എന്നാൽ രോഗാവസ്ഥ വിവേചന ബുദ്ധിക്ക് തടസ്സമല്ലെന്ന വലിയ വസ്തുത പരിഗണിച്ചാണ് ആഗോള നീതിന്യായ വ്യവസ്ഥയ്ക്ക് പുത്തൻ ചരിത്രം പകരുന്ന തീരുമാനം സുപ്രീം കോടതി കൈക്കൊണ്ടത്.
Discussion about this post