തിരുവനന്തപുരം : ആറ്റിങ്ങലില്‍ എട്ടുവയസുകാരിക്ക് പിങ്ക് പൊലീസിന്റെ പരസ്യവിചാരണ നേരിടേണ്ടി വന്ന സംഭവത്തില്‍ സര്‍ക്കാരിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് ഹൈക്കോടതി. സംഭവത്തില്‍ ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുത്തേ മതിയാകൂ എന്നും കോടതി വ്യക്തമാക്കി. സര്‍ക്കാരിന്റെ അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കാനാകില്ല. എന്തിനാണ് ഇങ്ങനെ ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് എന്നും കോടതി ചോദിച്ചു. ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്നാണോ സര്‍ക്കാര്‍ പറയുന്നതെന്നും കോടതി ചോദിച്ചു. സാക്ഷി മൊഴികളില്‍ കുട്ടി കരയുന്നു എന്ന് പറയുന്നുണ്ട്, അതെന്തിനാണെന്ന് വ്യക്തമാക്കണം എന്നും കോടതി അറിയിച്ചു.
കുട്ടിയ്ക്ക് നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ രേഖാമൂലം അറിയിച്ചിരുന്നു. പിങ്ക് പൊലീസ് ഉദ്യോഗസ്ഥ ചീത്ത വിളിക്കുകയോ മോശമായി പെരുമാറുകയോ ചെയ്തിട്ടില്ല. ഇതിനെ സാധൂകരിക്കാന്‍ നാല് സാക്ഷിമൊഴികളും സര്‍ക്കാര്‍ ഹാജരാക്കി. ഉദ്യോഗസ്ഥയുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചിട്ടുണ്ട്. അതിന് വേണ്ട നിയമനടപടികള്‍ സ്വീകരിച്ചിരുന്നു. ഇക്കാര്യത്തില്‍ ഇനിയും നടപടി സ്വീകരിക്കേണ്ടതില്ല എന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്. കുട്ടിക്ക് വേണമെങ്കില്‍ നഷ്ടപരിഹാരത്തിനായി സിവില്‍ കോടതിയെ സമീപിക്കാമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ച ഹൈക്കോടതി കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് അറിയിച്ചിരുന്നു. നഷ്ടപരിഹാരത്തുക എത്രയാണെന്ന് അറിയിക്കാന്‍ സര്‍ക്കാരിനോട് ജസ്റ്റിസ് ദേവന് രാമചന്ദ്രന് ആവശ്യപ്പെട്ടിരുന്നു. ഐ.എസ്.ആര്.ഒ ചാരക്കേസില്‍ നമ്പി നാരായണന് നഷ്ടപരിഹാരം ലഭിച്ചതു പോലെ ഈ കുട്ടിക്കും നഷ്ടപരിഹാരം നല്‍കേണ്ടതുണ്ടെന്നും എട്ട് വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ പരസ്യമായി വിചാരണ നടത്തിയത് അത്യന്തം അപമാനകരമാണെന്നും കോടതി വ്യക്തമാക്കി.
ഓഗസ്റ്റ് പതിനേഴിനായിരുന്നു മോഷണക്കുറ്റം ആരോപിച്ച് എട്ട് വയസ്സുള്ള പെണ്‍കുട്ടിയെയും അച്ഛനെയും പിങ്ക് പൊലീസ് ഉദ്യോഗസ്ഥയായ രജിത തടഞ്ഞു വെച്ചത്. ഉദ്യോഗസ്ഥയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്നായിരുന്നു ആരോപണം. എന്നാല്‍ പിന്നീട് ഫോണ്‍ ഉദ്യോഗസ്ഥയുടെ ബാഗില്‍ നിന്ന് തന്നെ കണ്ടെത്തി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഇതേ തുടര്‍ന്ന് കേസില്‍ അന്വേഷണം നടത്തി ഉദ്യേഗസ്ഥയെ സ്ഥലം മാറ്റുകയാണ് ചെയ്തത്.
Discussion about this post