തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ കെ-റെയില്‍ നടത്തിപ്പിനായി കേന്ദ്രത്തോട് ഫണ്ട് ആവശ്യപ്പെടുമെന്ന് സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ. പൊതുബജറ്റിന് മുന്നോടിയായുള്ള സംസ്ഥാന ധനമന്ത്രിമാരുടെ യോഗത്തിലാണ് ഫണ്ട് ആവശ്യപ്പെടുകയെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ വ്യക്തമാക്കി. റെയില്‍വേയുടെ വിഹിതമായ 2000 കോടി ബജറ്റില്‍ ഉള്‍പ്പെടുത്തി അനുവദിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.
സില്‍വര്‍ലൈന്‍ നടത്തിപ്പിനുള്ള റെയില്‍വേ വിഹിതം 2000 കോടി രൂപയാണ്. എന്നാൽ സംസ്ഥാന ധനമന്ത്രിമാരുടെ യോഗത്തില്‍ കെ.എന്‍ ബാലഗോപാല്‍ ഇക്കാര്യം ഉന്നയിക്കുമെങ്കിലും കേന്ദ്രം മറുപടി നല്‍കാനുള്ള സാധ്യതയില്ലെന്നാണ് സൂചന. കൂടാതെ സംസ്ഥാനത്തിന്റെ പൊതുവിലുള്ള സ്ഥിതി കേന്ദ്രത്തെ അറിയിക്കുമെന്നും കെ.എന്‍ ബാലഗോപാല്‍ വ്യക്തമാക്കി.
കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയും ഒപ്പം തൊഴില്‍ നഷ്ടവും പരിഹരിക്കുന്നതിന് ആവശ്യമായ തുക അനുവദിക്കണമെന്നും കേരളം ആവശ്യപ്പെടും. ഒമിക്രോണ്‍ വ്യാപനം കണക്കിലെടുത്ത് ഭാവിയിലുണ്ടായേക്കാവുന്ന പ്രതിസന്ധി മറികടക്കുന്നതിനും കേരളം പണം ആവശ്യപ്പെടുമെന്നാണ് സൂചന.












