ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദർശനത്തിനിടെ ഉണ്ടായ ഗുരുതരമായ സുരക്ഷാ വീഴ്ചയിൽ നടപടികൾ ശക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സംഭവം അന്വേഷിക്കാൻ കേന്ദ്ര സർക്കാർ ചുമതലപ്പെടുത്തിയ മൂന്നംഗ സമിതി പഞ്ചാബ് ഡിജിപി സിത്ഥാർത്ഥ് ചതുർവേദിയെയും പഞ്ചാബ് പൊലീസിലെ ഒരു ഡസനോളം വരുന്ന ഉന്നത ഉദ്യോഗസ്ഥരെയും വിളിച്ചു വരുത്തി. അന്വേഷണം സംഘം ഇവരെ വിശദമായി ചോദ്യം ചെയ്തു വരുന്നതായാണ് വിവരം.
ആഭ്യന്തര സുരക്ഷാ സെക്രട്ടറി സുധീർ കുമാർ സക്സേന, ഐ ബി ജോയിന്റ് ഡയറക്ടർ ബൽബീർ സിംഗ്, എസ് പി ജി ഐജി സുരേഷ് എന്നിവരടങ്ങിയ അന്വേഷണം സംഘം പൊലീസ് ഉദ്യോഗസ്ഥർക്ക് സുരക്ഷാ വീഴ്ചയിൽ കാരണം കാണിക്കൽ നോട്ടീസ് നൽകി. ഇരുപത്തിനാല് മണികൂറിനകം നോട്ടീസിൽ തൃപ്തികരമായ മറുപടി ഉണ്ടായില്ലെങ്കിൽ ഇവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി. പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന മുഴുവൻ ഉദ്യോഗസ്ഥരോടും സംഭവങ്ങൾ തെളിവുകൾ സഹിതം വിശദീകരിക്കാൻ പ്രത്യേക അന്വേഷണ സംഘം നിർദേശിച്ചു.
പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ എസ് പി ജി ആവശ്യപ്പെടുന്ന എല്ലാ സുരക്ഷാ ക്രമീകരണങ്ങളും സംസ്ഥാന സർക്കാർ പ്രദാനം ചെയ്യണം എന്ന എസ്പിജി ആക്ട് സെക്ഷൻ 14ന്റെ ലംഘനം നടന്നിട്ടുണ്ടോയെന്ന് അന്വേഷണം സംഘം പരിശോധിക്കുകയാണ്. ഇതിൽ വീഴ്ച വന്നതായി കണ്ടെത്തിയാൽ സംസ്ഥാന സർക്കാർ സംഭവങ്ങൾക്ക് കോടതിയിൽ ഉത്തരം പറയേണ്ടി വരും എന്നാണ് വിവരം.
Discussion about this post