പോർബന്ദർ: ശനിയാഴ്ച രാത്രി സമുദ്രാതിർത്തി ലംഘിച്ച് അറബിക്കടലിൽ ചുറ്റിക്കറങ്ങിയ പാക് ബോട്ട് ഇന്ത്യൻ തീര സംരക്ഷണ സേന പിടികൂടി. ബോട്ടിലുണ്ടായിരുന്ന പത്ത് യാത്രക്കാരെ സേന കസ്റ്റഡിയിൽ എടുത്തു. ഐ സി ജി എസ് അങ്കിത് എന്ന കപ്പലിൽ സമുദ്ര നിരീക്ഷണം നടത്തുകയായിരുന്ന സേനയാണ് ബോട്ട് പിടിച്ചെടുത്തത്.
യാസീൻ എന്ന് പേരുള്ള ബോട്ടാണ് പിടികൂടിയിരിക്കുന്നത്. ഇന്ത്യൻ അതിർത്തിക്കുള്ളിൽ ഏഴ് മൈൽ വരെ ബോട്ട് കടന്ന് കയറിയിരുന്നു. ഇന്ത്യൻ കപ്പൽ കണ്ടപ്പോൾ ബോട്ട് വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചതോടെയാണ് ഇവരെ പിടികൂടിയത്.
ബോട്ടിൽ നിന്നും 2,000 കിലോ മത്സ്യവും 600 ലിറ്റർ ഇന്ധനവും പിടികൂടിയിട്ടുണ്ട്. ബോട്ടിൽ ഉണ്ടായിരുന്നവരുടെ കൈവശം മതിയായ രേഖകൾ ഉണ്ടായിരുന്നില്ല. ബോട്ടിലുണ്ടായിരുന്നവരെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പോർബന്ദറിലേക്ക് കൊണ്ടു വന്നു.
അതിർത്തിയിൽ സൈന്യം സുരക്ഷ ശക്തമാക്കിയതോടെ കടൽ മാർഗം പാകിസ്ഥാൻ ഭീകരർ നുഴഞ്ഞു കയറാൻ സാധ്യതയുള്ളതായി ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ തീര സംരക്ഷണ സേന സമുദ്രാതിർത്തിയിൽ പട്രോളിംഗ് ശക്തമാക്കിയിരുന്നു.
Discussion about this post