ബംഗളൂരു: കോവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. നേതാക്കള്‍ക്കും പദയാത്ര സംഘാടകര്‍ക്കും എതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത കാര്യം മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ വ്യക്തമാക്കി. കോണ്‍ഗ്രസ് നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകള്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും റാലിയില്‍ പങ്കെടുത്ത് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നത് തുടരുകയാണെന്ന് ബിജെപി ആരോപിച്ചു.
മേക്കേദാട്ടു കുടിവെള്ള പദ്ധതി ആരംഭിക്കുന്നതിനായി ഭരണകക്ഷിയായ ബിജെപി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ബംഗളൂരുവിനടുത്തുള്ള ജില്ലകളില്‍ നിന്ന് പ്രതിപക്ഷം ജനക്കൂട്ടത്തെ അണിനിരത്തിയിരുന്നു. കോവിഡ് രൂക്ഷമാകുന്നതിനിടെയാണ് അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ പൊതു പരിപാടിയുടെ പേരില്‍ വിവാദത്തില്‍ പെട്ടത്.
റാന്‍ഡം ടെസ്റ്റിംഗിന്റെ ഭാഗമായി, സാമ്പിള്‍ ആവശ്യപ്പെട്ട് ഒരു ഡോക്ടര്‍ ഡി.കെ ശിവകുമാറിന്റെ ക്യാമ്പില്‍ പ്രവേശിച്ചപ്പോള്‍, താനൊരു ജനപ്രതിനിധിയാണെന്നും രോഗലക്ഷണങ്ങളുണ്ടെങ്കില്‍ ഡോക്ടര്‍മാരെ അറിയിക്കുമെന്നും പറയുകയായിരുന്നു. താന്‍ ആരോഗ്യവാനാണെന്നും സാമ്പിള്‍ ടെസ്റ്റിംഗിന് തരില്ലെന്നും കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഡി.കെയോട് സഹതാപം മാത്രമേ ഉള്ളൂവെന്ന് ബൊമ്മെ പറഞ്ഞു. ആരോഗ്യം സംരക്ഷിക്കാനാണ് തങ്ങള്‍ നോക്കുന്നത്. അതിനോട് ഇത്തരത്തില്‍ പ്രതികരിക്കുന്നത് മോശമാണ് എന്നും അദ്ദേഹം പറഞ്ഞു.
Discussion about this post