ഹൈദരാബാദ്: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്‍വാളിനെതിരായ വിവാദ ട്വീറ്റില്‍ ചലച്ചിത്ര താരം സിദ്ധാര്‍ഥിനെതിരേ ദേശീയ വനിതാ കമ്മീഷന്‍. സൈനയ്‌ക്കെതിരേ ഉപയോഗിച്ച വാക്ക് സ്ത്രീ വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച വനിതാ കമ്മീഷന്‍ താരത്തിന് നോട്ടീസ് അയച്ചു. സിദ്ധാര്‍ഥിന്‍റെ ട്വിറ്റര്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്യണമെന്ന് വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു.
വിഷയത്തില്‍ മഹാരാഷ്ട്രാ ഡി.ജി.പി യോട് സിദ്ധാര്‍ഥിനെതിരെ കേസ് എടുക്കാന്‍ ആവശ്യപ്പെട്ടുവെന്നും ട്വിറ്റര്‍ ഇന്ത്യ അധികൃതരോട് സിദ്ധാര്‍ഥിന്‍റെ അക്കൗണ്ട് ബ്ലോക്ക് ചെയ്യാന്‍ ആവശ്യപ്പെട്ടതായും ദേശീയ വനിതാ കമ്മീഷന്‍ അറിയിച്ചു.
“ഇയാളെ ഒരു പാഠം പഠിപ്പിച്ചേ തീരൂ. ഇപ്പോഴും ഇയാളുടെ അക്കൗണ്ട് എങ്ങനെയാണ് ട്വിറ്ററില്‍ നിലനില്‍ക്കുന്നത്. ഉടന്‍ അത് ബ്ലോക്ക് ചെയ്യണം”- വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ ട്വീറ്റ് ചെയ്തു.
പഞ്ചാബില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷാവീഴ്ച്ചയെ അപലപിച്ച് സൈനാ നെഹ്‍വാള്‍ ചെയ്ത ട്വീറ്റിനെയാണ് സിദ്ധാര്‍ഥ് പരിഹസിച്ചത്.
‘സ്വന്തം രാജ്യത്തെ പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വിട്ടുവീഴ്ച്ച ചെയ്താല്‍, ആ രാജ്യത്തിന് സ്വയം സുരക്ഷിതമാണെന്ന് പറയാനാകില്ല. ഏറ്റവും ശക്തമായ വാക്കുപയോഗിച്ച് ഞാന്‍ ഇക്കാര്യത്തില്‍ അപലപിക്കുന്നു. അരാജകവാദികള്‍ പ്രധാനമന്ത്രിക്കെതിരേ നടത്തിയ ഭീരുത്വം നിറഞ്ഞ ആക്രമണമാണിത്.’ ഇതായിരുന്നു സൈനയുടെ ട്വീറ്റ്.
ഈ ട്വീറ്റ് മെന്‍ഷന്‍ ചെയ്ത് സൈനയെ” subtle cock champion” എന്നും നിങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നു എന്നും പറഞ്ഞാണ് സിദ്ധാര്‍ഥ് പരിഹസിച്ചത്. പ്രതിഷേധം ശക്തമായതോടെ സിദ്ധാര്‍ഥ് വിശദീകരണവുമായി രംഗത്തെത്തി. ആ വാക്ക് മോശം രീതിയില്‍ വ്യാഖ്യാനിക്കരുതെന്നും കെട്ടുകഥ എന്ന അര്‍ഥത്തിലാണ് ഉപയോഗിച്ചതെന്നും ആണ് സിദ്ധാര്‍ഥ് പറയുന്നത്.
Discussion about this post