കോട്ടയം: ഷാര്‍ജയില്‍ ന്യുമോണിയ ബാധിച്ച് മരിച്ച യുവതിയുടെ വീട് സന്ദര്‍ശിച്ച് സുരേഷ്‌ഗോപി എംപി. ഇന്നലെ വൈകുന്നേരത്തോടെ എലിസബത്ത് ജോസിന്റെ പാലായിലെ പുതുമന വീട്ടിലെത്തിയ അദ്ദേഹം കുടുബാംഗങ്ങളെ ആശ്വസിപ്പിച്ചു. എലിസബത്ത് ജോസിന്റെ മൃതശരീരം എംബാം ചെയ്യാതെ നെടുമ്പാശേരിയിലെത്തിക്കാന്‍ സുരേഷ് ഗോപി ഇടപെട്ടിരുന്നു.
കോവിഡ് മൂലം എംബാം ചെയ്യുന്നതില്‍ ബുദ്ധിമുട്ട് ഉണ്ടായപ്പോള്‍ സുരേഷ് ഗോപി കേന്ദ്ര ആരോഗ്യ മന്ത്രാലയം വഴി ഇടപെട്ട് എംബാം നടപടികള്‍ ഒഴിവാക്കുകയായിരുന്നു. എംബാം ചെയ്യാത്ത മൃതദേഹം എയര്‍പോര്‍ട്ടില്‍ ഇറക്കില്ലെന്ന് അധികൃതര്‍ നിര്‍ബന്ധം പിടിച്ചതോടെയാണ് എംപിയുടെ ഇടപെടല്‍ ഉണ്ടായത്. തുടര്‍ന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂര്‍ മാന്‍ഡിയ നേരിട്ട് ഇടപെട്ട് മൃതദേഹം കൊണ്ടുവരാനുള്ള നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ആദ്യമായാണ് എംബാം ചെയ്യാത്ത മൃതദേഹം നെടുമ്പാശേരിയില്‍ കൊണ്ടുവരുന്നത്. മൂന്ന് മാസം ഗര്‍ഭിണിയായിരുന്നു എലിസബത്ത് ജോസ്. സുഹൃത്തായ ബിജു പുളിക്കകണ്ടത്തിനൊപ്പമാണ് സുരേഷ് ഗോപി ഇന്നലെ വീട്ടിലെത്തിയത്.
നന്ദി പറയാന്‍ തുനിഞ്ഞ വീട്ടുകാരെ അദ്ദേഹം വിലക്കി. മൃതശരീരം എംബാം ചെയ്യാതെ എത്തിക്കുന്നതിന് നിമിത്തമാകാന്‍ കഴിഞ്ഞത് ഈശ്വരനിയോഗമെന്ന് സുരേഷ് ഗോപി പറഞ്ഞു. ജനപ്രതിനിധി എന്ന നിലയിലുള്ള തന്റെ കര്‍ത്തവ്യം മാത്രമാണിതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ആദ്യമായി ഒരു മൃതദേഹം ഇത്തരത്തില്‍ കൊണ്ടുവരാനായതുകൊണ്ട് ഇതേപോലെ നാട്ടിലെത്തിക്കാന്‍ കാത്തിരിക്കുന്ന നൂറിലധികം മൃതദേഹങ്ങള്‍ കൂടി രാജ്യത്തെത്തിക്കാന്‍ വഴിയൊരുങ്ങുമെന്നും അദ്ദേഹം അറിയിച്ചു. ജോഷി പുതുമന, ആന്റോ പുഴക്കര, ജോബി ചുങ്കപ്പുര തുടങ്ങിയവരും ഒപ്പം ഉണ്ടായിരുന്നു.
Discussion about this post