തൃശൂർ: കൊവിഡ് നിയന്ത്രണങ്ങൾ നിലവിലിരിക്കെ പാറശാലക്ക് പിന്നാലെ തൃശൂരിലും പാർട്ടി സമ്മേളനത്തിൽ നൂറിലേറെ ആളുകളെ പങ്കെടുപ്പിച്ച് സിപിഎം തിരുവാതിര നടത്തിയതിനെതിരെ പൊലീസിൽ പരാതി. സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പാറശ്ശാലയിൽ മെഗാ തിരുവാതിര സംഘടിപ്പിച്ചതിന്റെ വിവാദങ്ങൾ കെട്ടടങ്ങും മുമ്പാണ് വീണ്ടും തൃശൂരിൽ തിരുവാതിര നടത്തിയത്. സി.പി.എം തൃശൂർ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി തെക്കുംകര വെസ്റ്റ് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച തിരുവാതിരക്കെതിരെ കെപിസിസി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്താണ് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.
ഈ മാസം 21 മുതൽ 23 വരെയാണ് തൃശൂർ ജില്ലാ സമ്മേളനം. ഊരാങ്കോട് അയ്യപ്പക്ഷേത്രത്തിന് സമീപം നടന്ന തിരുവാതിരയിൽ നൂറിലേറെ സ്ത്രീകൾ പങ്കെടുത്തിരുന്നു. പാറശ്ശാലയിൽ നടന്ന തിരുവാതിരക്കളി തെറ്റായിപ്പോയെന്ന് പാർട്ടി നേതാക്കൾ തന്നെ വിലയിരുത്തിയ സാഹചര്യത്തിൽ വീണ്ടും സി.പി.എം സമ്മേളനത്തിന്റെ ഭാഗമായി തിരുവാതിര അരങ്ങേറിയത് വലിയ വിമർശനങ്ങൾക്ക് വഴി വെക്കുകയാണ്.











