ടെക്സാസ്: ജൂതപുരോഹിതൻ ഉൾപ്പെടെ നാല് പേരെ ബന്ദികളാക്കി അമേരിക്കയെ 10 മണിക്കൂർ മുൾമുനയിൽ നിർത്തിയത് പാകിസ്ഥാനിൽ കുടുംബവേരുകൾ ഉള്ള മാലിക് ഫൈസൽ അക്രം എന്ന 44 വയസ്സുകാരനാണെന്ന് റിപ്പോർട്ട്. ഇയാൾ ബ്രിട്ടീഷ് പൗരനാണ്.
അഫ്ഗാനിസ്ഥാനിലെ അമേരിക്കൻ സൈനിക ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിന് അമേരിക്കയിൽ തടവിൽ കഴിയുന്ന പാകിസ്ഥാൻ സ്വദേശിനിയായ ന്യൂറോ ശാസ്ത്രജ്ഞ ആഫിയ സിദ്ദിഖിയുടെ മോചനം ആവശ്യപ്പെട്ടായിരുന്നു അക്രം ശനിയാഴ്ച രാവിലെ ടെക്സാസിലെ ജൂതപ്പള്ളിയിൽ നാല് പേരെ ബന്ദികളാക്കിയത്. മണിക്കൂറുകൾ നീണ്ട ആശയവിനിമയങ്ങൾക്കും അനുനയ ശ്രമങ്ങൾക്കുമൊടുവിൽ പള്ളിയിൽ കടന്ന എഫ് ബി ഐ ഉദ്യോഗസ്ഥർ അക്രമിനെ കൊലപ്പെടുത്തി ബന്ദികളെ മോചിപ്പിക്കുകയായിരുന്നു.
സംഭവത്തെ ഭീകരാക്രമണം എന്നാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വിശേഷിപ്പിച്ചത്. സംഭവത്തിൽ അന്വേഷണം തുടരുമെന്ന് എഫ് ബി ഐ അറിയിച്ചു. ഇതിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നാണ് പ്രാഥമികമായി അന്വേഷിക്കുന്നത്.
ആഫിയ സിദ്ദിഖിയുടെ സഹോദരനും ആർക്കിടെക്ടുമായ മുഹമ്മദ് സിദ്ദിഖിയാണ് താൻ എന്നാണ് ബന്ദിയാക്കൽ സംഭവങ്ങൾക്കിടെ അക്രം അവകാശപ്പെട്ടത്. ‘സഹോദരിയോട്‘ സംസാരിക്കണം എന്നും പല തവണ ഇയാൾ ആവശ്യപ്പെട്ടു. എന്നാൽ ഈ അവകാശവാദം കളവാണെന്ന് ബോദ്ധ്യപ്പെട്ടതോടെയാണ് എഫ് ബി ഐ സായുധ നടപടിയിലേക്ക് കടന്നത്.












