കേരളത്തില്‍ കോവിഡ് ധനസഹായ അപേക്ഷകള്‍ കുറയുന്നത് എന്തുകൊണ്ടെന്ന ചോദ്യവുമായി സുപ്രീംകോടതി. മരണസംഖ്യയ്ക്ക് അനുസരിച്ച് എന്തുകൊണ്ട് അപേക്ഷകള്‍ വരുന്നില്ലെന്നാണ് കോടതി ചോദിച്ചത്.
49,300 പേര്‍ മരിച്ച സംസ്ഥാനത്ത് 27,274 പേര്‍ മാത്രമേ നഷ്ടപരിഹാരം തേടിയുള്ളുവെന്ന് ചൂണ്ടിക്കാട്ടിയ കോടതി നഷ്ടപരിഹാരത്തിന് അപേക്ഷ നല്‍കാത്തവരുടെ വീടുകളില്‍ എത്തി നഷ്ടപരിഹാരത്തെ കുറിച്ച് ഉദ്യോഗസ്ഥര്‍ വിശദീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഇതുവരെ അപേക്ഷ നല്‍കിയവര്‍ക്ക് ഒരാഴ്ചക്കുള്ളില്‍ നഷ്ടപരിഹാരം നല്‍കണമെന്നും ജസ്റ്റിസ് എം.ആര്‍. ഷാ അദ്ധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.
അതേസമയം സംസ്ഥാനം കോവിഡിന്റെ മൂന്നാം തരംഗത്തെ നേരിടുകയാണ്. മൂന്നാംതരംഗം തുടക്കത്തില്‍ തന്നെ അതിതീവ്രമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഡെല്‍റ്റ, ഒമിക്രോണ്‍ വൈറസുകളാണ് വ്യാപനത്തിന് കാരണം. ഡെല്‍റ്റയേക്കാള്‍ അഞ്ചോ ആറോ ഇരട്ടി ഒമിക്രോണിന് വ്യാപനമുണ്ടെന്നും രാഷ്ട്രീയ കക്ഷിഭേദം മറന്ന് ഈ പ്രതിസന്ധിയെ നേരിടണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ഒമിക്രോണിന് മണവും രുചിയും നഷ്ടപ്പെടുന്ന ലക്ഷണം കുറവാണ്. 17 ശതമാനം പേര്‍ക്ക് മാത്രമാണ് ഈ ലക്ഷണങ്ങള്‍ കണ്ടത്. അതിനാല്‍ ജലദോഷം ഉണ്ടെങ്കില്‍ കോവിഡ് പരിശോധന നടത്തണം. ഒമിക്രോണ്‍ വന്ന് പോവട്ടെ എന്ന് കരുതരുത്. ഒമിക്രോണ്‍ നിസ്സാര വൈറസാണെന്ന പ്രചാരണം തെറ്റാണെന്നും മന്ത്രി പറഞ്ഞു.
Discussion about this post