തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ സ്കൂളുകളുടെ പ്രവർത്തനം സംബന്ധിച്ച് തീരുമാനമെടുക്കാൻ ഇന്ന് ഉന്നതതല യോഗം ചേരും. വിദ്യാഭ്യാസ വകുപ്പാണ് യോഗം വിളിച്ച് ചേർത്തിരിക്കുന്നത്. ഒന്ന് മുതൽ 9 വരെയുള്ള ഓൺലൈൻ ക്ലാസുകളുടെ നടത്തിപ്പ്, പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളുടെ ക്രമീകരണം, പരീക്ഷാ നടത്തിപ്പ്, കുട്ടികളുടെ വാക്സിനേഷൻ പുരോഗതി, എന്നിവ ഉന്നതതല യോഗത്തിൽ ചർച്ച ചെയ്യും.
രാവിലെ പത്ത് മണിക്ക് ഓൺലൈൻ ആയിട്ടാണ് യോഗം ചേരുക. നിലവിൽ ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകൾ രണ്ടാഴ്ചത്തേക്കാണ് ഓൺലൈനിലേക്ക് മാറ്റിയിരുന്നത്. ജനുവരി 21 മുതലായിരുന്നു ഇത്. രോഗബാധ കുറയുന്നത് വരെ ഇത് തുടരണമോയെന്ന് യോഗം പരിശോധിക്കും. ഫെബ്രുവരി പകുതിയോടെ രോഗബാധ കുറയുമെന്ന് പ്രതീക്ഷയിലാണ് അധികൃതർ.
എന്നാൽ സംസ്ഥാനത്ത് ഇന്നലെ 49,771 പേര്‍ക്കായിരുന്നു കൊവിഡ്-19 സ്ഥിരീകരിച്ചത്.












