പാലക്കാട്: പരീക്ഷാ ഫീസ് അടയ്ക്കാൻ പണമില്ലാത്തതിനാൽ പാലക്കാട് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. സുബ്രഹ്മണ്യൻ-ദേവകി ദമ്പതിമാരുടെ മകൾ ബീന(20)യെയാണ് ഞായറാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പാലക്കാട്ടെ സ്വകാര്യ കോളേജിൽ മൂന്നാം വർഷ ബി.കോം വിദ്യാർഥിനിയാണ്.
രാവിലെ കുളിക്കാനായി മുറിയിൽ കയറിയ ബീനയെ ഏറെനേരം കഴിഞ്ഞിട്ടും പുറത്തു കാണാത്തതിനാൽ വീട്ടുകാർ മുറി പരിശോധിച്ചു. തുടർന്നാണ് ജനലിൽ തൂങ്ങി നിൽക്കുന്ന നിലയിൽ പെൺകുട്ടിയെ കണ്ടെത്തിയത്. ഉടൻതന്നെ വീട്ടുകാരും അയൽക്കാരും പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കഴിഞ്ഞദിവസം ബീനയുടെ അമ്മ കോളേജിൽ ഫീസ് അടയ്ക്കാനായി പോയിരുന്നു. എന്നാൽ കോളേജിലെ ട്യൂഷൻ ഫീസ് മാത്രമാണ് അധികൃതർ സ്വീകരിച്ചത്. പരീക്ഷാ ഫീസിന്റെ ലിങ്ക് സർവകലാശാലയ്ക്ക് അയച്ചു നൽകിയെന്നും ഇനി അടയ്ക്കാനാകില്ലെന്നുമായിരുന്നു കോളേജ് ജീവനക്കാരുടെ മറുപടി. തുടർന്ന് അമ്മ തിരികെ വീട്ടിലെത്തി ഇക്കാര്യം ബീനയോട് പറഞ്ഞു. ഫീസ് അടയ്ക്കാൻ കഴിയില്ലെന്നറിഞ്ഞതോടെ ബീന ഏറെ അസ്വസ്ഥയായിരുന്നുവെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് വിവരം.
Discussion about this post