കമ്മീഷണറുടേത് അധികാരപരിധി ലംഘിച്ചു കൊണ്ടുള്ള നടപടി
ഉത്പന്നത്തില്‍ ഹാനികരമായ ഒന്നുമില്ലെങ്കില്‍ നിരോധിക്കുകയല്ല വേണ്ടതെന്നും കോടതി
കൊച്ചി: കേരളത്തിലെ പ്രമുഖ ഭക്ഷ്യോത്പന്ന കമ്പനിയായ നിറപറയുടെ കറിപ്പൊടികള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം ഹൈക്കോടതി റദ്ദാക്കി. ഉത്പന്നങ്ങളില്‍ മായം കണ്ടെത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് മൂന്ന് ഉത്പന്നങ്ങള്‍ നിരോധിച്ച ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ടി.വി. അനുപമയുടെ നടപടിയാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് റദ്ദാക്കിയത്. നിറപറയുടെ മഞ്ഞള്‍ പൊടി, മല്ലി പൊടി, മുളക് പൊടി എന്നിവയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് നേരത്തെ നിരോധിച്ചത്. ഈ നിരോധനമാണ് ജസ്റ്റീസ് എ. മുഹമ്മദ് മുഷ്താഫ് റദ്ദാക്കിയത്.
നിരോധിക്കപ്പെട്ട നിറപറ ഉത്പന്നങ്ങള്‍ മനുഷ്യജീവന് ഹാനികരമാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. പിടിച്ചെടുത്ത ഉത്പന്നങ്ങള്‍ നിലവാരമില്ലെന്ന് തെളിഞ്ഞാല്‍ നിറോദിക്കുകയല്ല വേണ്ടതെന്നും, പിഴ ഉള്‍പ്പടെയുള്ള ശിക്ഷ നടപടികളാണ് സ്വീകരിക്കേണ്ടിയിരുന്നതെന്നും കോടതി പറഞ്ഞു.
പിടിച്ചെടുത്ത സാമ്പിളുകളില്‍ നിലവാരമില്ലെന്നു കണ്ടാല്‍ അതിന് അഡിറ്റീവ്സ് റഗുലേഷന് അനുസരിച്ചു കമ്മിഷണര്‍ക്കു നടപടി സാധ്യമാണ്. നിലവാരമില്ലാത്ത ഭക്ഷ്യസാമഗ്രികള്‍ നിര്‍മിച്ചതിനു നടപടിക്കു വിധേയമായെങ്കില്‍, അക്കാര്യം ലേബലില്‍ കാണാവുന്നവിധം രേഖപ്പെടുത്തുകയും ആവാം. ഉപഭോക്താവിന്റെ അവകാശം സംരക്ഷിക്കാന്‍ ഇത്തരം നടപടി സഹായകമാണെന്നു കോടതി പറ!ഞ്ഞു
നിറപറ ഉത്പന്നങ്ങളുടെ നിര്‍മ്മാണം, സംഭരണം, വിപണനം, വിതരണം എന്നിവയായിരുന്നു ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചത്. ഈ നിരോധനം നീക്കിയ കോടതി ഉത്പന്നം നിരോധിച്ച കമ്മീഷണറുടെ നടപടി പരോക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
ഭക്ഷ്യസുരക്ഷാ നിയമ പ്രകാരം ജീവന് ഹാനിയുണ്ടാക്കുന്ന ഉത്പന്നങ്ങള്‍ വേണം നിരോധിക്കാന്‍. എന്നാല്‍, നിറപറ ഉത്പന്നങ്ങള്‍ ജീവന് ഭീഷണിയുണ്ടാക്കുന്നില്ല. അതിനാല്‍ തന്നെ ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ നടപടി അധികാര പരിധി ലംഘിച്ചുള്ള നടപടിയാണെന്നും കോടതി നിരീക്ഷിച്ചു. എന്നാല്‍, കമ്മീഷണര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നുള്ള ഹര്‍ജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഉത്പന്നങ്ങള്‍ നിരോധിച്ചതിനെ ചോദ്യം ചെയ്ത് നിറപറയുടെ ഉടമകളായ കെകെആര്‍ ഫുഡ്സാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഉത്പന്നങ്ങളുടെ നിരോധനം കമ്പനിക്കെതിരെയുള്ള കരുതിക്കൂട്ടിയുള്ള നീക്കമാണെന്ന ആരോപണമാണ് കെകെആര്‍ ഫുഡ്സ് ഉന്നയിക്കുന്നത്. മാരകമായ വിഷാംശം ഉണ്ടെന്ന് വ്യക്തമായിട്ടും പല കമ്പനി ഉത്പന്നങ്ങള്‍ക്കെതിരെയും നടപടി എടുക്കാത്ത അധികൃതര്‍ നിറപറയ്ക്കെതിരെ പിഴ ശിക്ഷ നല്‍കേണ്ട കേസില്‍ നിരോധനം ഏര്‍പ്പെടുത്തി പക്ഷപാതം കാണിക്കുകയാണെന്ന ആരോപണം സോഷ്യല്‍ മാധ്യമങ്ങളിലും മറ്റും ഉയര്‍ന്നിരുന്നു
Discussion about this post