ഡൽഹി: ദീർഘ വീക്ഷണത്തോടെയുള്ള ജനകീയ ബജറ്റ് അവതരിപ്പിച്ചതിന് ധനകാര്യ മന്ത്രി നിർമ്മല സീതാരാമനെ അഭിനന്ദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കശ്മീർ, വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവയെ ബന്ധിപ്പിക്കുന്ന പർവ്വതമാല പദ്ധതി ബജറ്റിന്റെ മികച്ച സവിശേഷതയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
മലയോര മേഖലകളിൽ ആധുനിക ഗതാഗത സംവിധാനം കൊണ്ടു വരാൻ പർവതമാല പദ്ധതിക്ക് സാധിക്കും. ഇത് അതിർത്തി ഗ്രാമങ്ങളെ ശാക്തീകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഗംഗാ മാതാവിനെ ശുദ്ധീകരിക്കുന്നതിനോടൊപ്പം കർഷകരുടെ ഉന്നമനവും ലക്ഷ്യമിട്ടുള്ള പദ്ധതിയും ബജറ്റിലുണ്ട്. ഉത്തരാഖണ്ഡ്, ഉത്തർ പ്രദേശ്, ഝാർഖണ്ഡ്, ബിഹാർ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ ഗംഗാ തീരത്ത് പ്രകൃതിദത്ത കൃഷി പരിപോഷിപ്പിക്കാനുള്ള പദ്ധതിയെ പ്രധാനമന്ത്രി പ്രകീർത്തിച്ചു. ഈ പദ്ധതി ഗംഗയെ രാസമുക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
താങ്ങുവില ഇനത്തിൽ 2.7 ലക്ഷം കോടി രൂപ കർഷകരുടെ അക്കൗണ്ടുകളിൽ നേരിട്ട് എത്തിക്കുന്നതോടെ കർഷകരുടെ വരുമാനം ഇരട്ടിയാകും. ജനങ്ങൾക്ക് പുതിയ പ്രതീക്ഷകളും അവസരങ്ങളും നൽകുന്നതാണ് ഈ ബജറ്റ്. ഇത് സമ്പദ്ഘടനയെ ശക്തിപ്പെടുത്തും. കൂടുതൽ അടിസ്ഥാന സൗകര്യ വികസനവും കൂടുതൽ നിക്ഷേപവും കൂടുതൽ വളർച്ചയും കൂടുതൽ തൊഴിലവസരങ്ങളും ഈ ബജറ്റ് സൃഷ്ടിക്കും. യുവാക്കൾക്ക് മികച്ച ഭാവി ഉറപ്പു വരുത്തുന്നതാണ് ഈ ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.ബജറ്റിനെക്കുറിച്ച് വിശദമായി അടുത്ത ദിവസം സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post