ഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് ജനകീയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ ബജറ്റ് രാജ്യ വികസനത്തിനെന്നും പ്രധാനമന്ത്രി പറഞ്ഞു.
കൊവിഡ് നിരവധി വെല്ലുവിളികൾ ഉയർത്തി. അതിനെയെല്ലാം അതിജീവിക്കാനായി. എല്ലാ മേഖലകളിലും സ്വയംപര്യാപ്തത നേടുകയെന്നതാണ് മുഖ്യം.പുതിയ ഇന്ത്യയിലേക്കുള്ള ചുവട് വയ്പാണ് ബജറ്റ്. ജിഡിപിയും കയറ്റുമതിയും ഇരട്ടിച്ചു. ഗ്രാമങ്ങളെ സ്വയംപര്യാപ്തമാക്കുകയും സർക്കാരിൻ്റെ ലക്ഷ്യമാണ്. ലോകം ഇന്ത്യയുടെ വളർച്ചയെ ഉറ്റുനോക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ബജറ്റ് അവതരണത്തിന് ശേഷം ദൂരദർശനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
ജനപ്രിയവും പുരോഗമനപരവുമായി ബജറ്റ് അവതരിപ്പിച്ചതിന് ധനമന്ത്രി നിർമ്മല സീതാരാമനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കശ്മീർ എന്നീ പർവ്വത മേഖലകൾക്കായി പ്രഖ്യാപിച്ച പർവത് മാല പദ്ധതി മേഖലയിൽ ഗതാഗത സംവിധാനങ്ങൾ മെച്ചപ്പെടുത്തുമെന്നും അതിർത്തി ഗ്രാമങ്ങളെ ശക്തിപ്പെടുത്തുന്നുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഗംഗാ നദീ തീരത്ത് ജൈവ കൃഷി പ്രോത്സാഹിപ്പിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. കർഷകരുടെ ക്ഷേമത്തിനായി വലിയ ചുവടുവയ്പ്പാണ് നടത്തിയിരിക്കുന്നതെന്നും ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ബിഹാർ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ ഗംഗാ തീരത്തെ കൃഷി രീതിയിൽ മാറ്റം വരുന്നതോടെ ഗംഗ വിഷമുക്തമാകുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
Discussion about this post