ഡൽഹി: റിപ്പബ്ലിക് ദിന പരേഡിൽ ഏറ്റവും മികച്ച ടാബ്ലോ ആയി ഉത്തർ പ്രദേശ് അവതരിപ്പിച്ച ടാബ്ലോ തെരഞ്ഞെടുത്തു. 12 സംസ്ഥാനങ്ങളിൽ നിന്നുള്ള ടാബ്ലോകൾക്കാണ് ഇത്തവണ അനുമതി ലഭിച്ചിരുന്നത്. ജനപ്രിയ ടാബ്ലോ ആയി മഹാരാഷ്ട്ര അവതരിപ്പിച്ച ടാബ്ലോയും തെരഞ്ഞെടുത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
‘ഒരു ജില്ലയും ഒരു ഉത്പന്നവും കാശി വിശ്വനാഥ ധാമും‘ എന്നതായിരുന്നു ഉത്തർ പ്രദേശ് അവതരിപ്പിച്ച ടാബ്ലോയുടെ ആശയം. ‘ജൈവ വൈവിധ്യവും മഹാരാഷ്ട്രയുടെ ജൈവ ചിഹ്നങ്ങളും‘ എന്നതായിരുന്നു മഹാരാഷ്ട്ര അവതരിപ്പിച്ച ടാബ്ലോയുടെ ആശയം.
‘പരമ്പരാഗത കരകൗശല വസ്തുക്കളുടെ കളിത്തൊട്ടിൽ‘ എന്ന ആശയം മുൻനിർത്തി കർണാടക അവതരിപ്പിച്ച ടാബ്ലോ ഉത്തർ പ്രദേശിന് പിന്നിൽ രണ്ടാം സ്ഥാനത്തെത്തി. മൂന്നാം സ്ഥാനം മേഘാലയ അവതരിപ്പിച്ച ടാബ്ലോക്ക് ആയിരുന്നു. നിബന്ധനകൾ പാലിക്കാത്തതിനാൽ കേരളത്തിന്റെ ടാബ്ലോക്ക് അനുമതി ലഭിച്ചിരുന്നില്ല.
Discussion about this post