പറവൂർ: ‘മരണത്തിന് ഉത്തരവാദി സർക്കാർ‘ എന്ന് കുറിപ്പെഴുതി ഒരു സാധാരണക്കാരൻ കൂടി ആത്മഹത്യ ചെയ്തു. ജീവിത മാർഗമായ നാലുസെന്റ് വസ്തു തരംമാറ്റിക്കിട്ടാന്‍ ഒന്നരവര്‍ഷക്കാലം സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി നരകിച്ചാണ് 57 വയസ്സുകാരനായ വടക്കന്‍ പറവൂര്‍ മാല്ല്യങ്കര കോയിക്കല്‍ സജീവ് തൂങ്ങി മരിച്ചത്. സജീവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിച്ചു.
വർഷങ്ങളായി മാല്ല്യങ്കരയിൽ താമസിച്ചു വരികയാണ് സജീവും കുടുംബവും. പ്രളയവും കൊവിഡും മൂലം സാമ്പത്തിക പ്രതിസന്ധിയിൽ ആയതിനെ തുടർന്നാണ് കടം തീർക്കാൻ ആധാരം പണയപ്പെടുത്തി വായ്പ എടുക്കാൻ തീരുമാനിച്ചത്. എന്നാൽ ബാങ്കില്‍ ബന്ധപ്പെട്ടപ്പോഴാണ് നാലു സെന്റ് നിലമായാണ് രേഖകളില്‍ ഉള്ളതെന്നും അത് പുരയിടമാക്കിയാലേ വായ്പ കിട്ടുകയുള്ളൂ എന്നും അറിയുന്നത്.
വസ്തു പുരയിടമാക്കാനുള്ള അപേക്ഷയുമായി വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസ്, ആർ ഡി ഒ ഓഫീസ് എന്നിവിടങ്ങളിൽ കയറിയിറങ്ങി. 2021ഫെബ്രുവരിയില്‍ സര്‍ക്കാര്‍ ഉത്തരവ് പുതുക്കിയതോടെ അതിൻ പ്രകാരം അപേക്ഷ നൽകാൻ പറഞ്ഞു. ഇതിനിടെ ഭേദപ്പെട്ട ഒരുതുക നല്‍കിയാല്‍ വേഗത്തില്‍ ശരിയാക്കി തരാമെന്ന് പറഞ്ഞ് സർക്കാർ ഉദ്യോഗസ്ഥരുടെ ഒരു ഏജന്റ് സജീവിനെ സമീപിച്ചുവെന്ന് അടുത്ത ബന്ധുക്കൾ പറയുന്നതായി സ്വകാര്യ മാധ്യമം റിപ്പോർട്ട് ചെയ്തു.
നടപടികൾ വീണ്ടും അനന്തമായി നീണ്ടതോടെ സജീവൻ വീട്ടുമുറ്റത്തെ നെല്ലിമരത്തിൽ ജീവനൊടുക്കുകയായിരുന്നു. ഓരോ ഫയലുകളും ഓരോ ജീവിതങ്ങളാണ് എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾക്ക് പുല്ലുവില കൽപ്പിച്ച് ഇന്നും സർക്കാർ ഓഫീസുകളിൽ തുടരുന്ന ചുവപ്പു നാട ഭരണത്തിന്റെ ഏറ്റവും പുതിയ ഇരയാണ് സജീവൻ.
Discussion about this post