ഇന്‍ഡോര്‍: ധോണിയുടെ ബാറ്റിംഗ് മികവിലേറി ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. രണ്ടാം ഏകദിനത്തില്‍ ഇന്ത്യ 22 റണ്‍സിനു ദക്ഷിണാഫ്രിക്കയെ തറപറ്റിച്ചു. ഇന്ത്യ ഉയര്‍ത്തിയ 248 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 43.4 ഓവറില്‍ 225 റണ്‍സിന് പുറത്തായി.
ക്യാപ്റ്റന്‍ ധോണിയുടെ (92*) ഒറ്റയാള്‍ പോരാട്ടമാണ് ഇന്ത്യക്കു മികച്ച വിജയം സമ്മാനിച്ചത്. ഇന്ത്യയുടെ മുന്‍ നിര ബാറ്റ്സ്മാന്മാരെല്ലാം പരാജയപ്പെട്ടപ്പോള്‍ സമചിത്തതയോടെ ബാറ്റ് വീശിയ ധോണി 86 പന്തില്‍ 92 റണ്‍സെടുത്തു പുറത്താകാതെനിന്നു.
കാണ്‍പൂരില്‍ നിന്ന് ഇന്ത്യന്‍ ബാറ്റ്സ്മാന്മാര് കാര്യമായോന്നും പഠിച്ചില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു ഇന്‍ഡോറിലെ പ്രകടനവും. ധോണിയുടെ ഒറ്റയാള്‍ പോരാട്ടമില്ലായിരുന്നെങ്കില്‍ ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ പൊരുതാവുന്ന സ്ക്കോര്‍ പോലുമില്ലാതെ കീഴടങ്ങേണ്ടി വരുമായിരുന്നു.
82ന് മൂന്ന് എന്ന നിലയില്‍ പതറിയ ഇന്ത്യയെ പിന്നിടെത്തിയ ധോണി ചിറകിലേറ്റുകയായിരുന്നു. ഒരറ്റത്ത് തുടര്‍ച്ചയായി വിക്കറ്റുകള്‍ വീഴുമ്പോഴും ചെറുത്ത് നിന്ന ധോണി അര്‍ദ്ധ സെഞ്ച്വറി നേടിയ ശേഷം ആഞ്ഞടിക്കുകയായിരുന്നു.
പുറത്താവാതെ 92 റണ്‍സ് നേടിയ ധോണിയുടെ ബാറ്റിംഗ് കരുത്തില്‍ ഇന്ത്യ നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 247 രണ്സ് നേടി. 248 റണ്‍സ് വിജയലക്ഷ്യം.
രണ്ടാം ഓവറില്‍ മൂന്ന് റണ്‍സെടുത്ത ശര്‍മ്മയെ പുറത്താക്കി ദക്ഷിണാഫ്രിക്ക ഇന്ത്യയെ ഞെട്ടിച്ചു. 23 റണ്‍സെടുത്ത ധവാനും, റണ്ണൗട്ട് ശാപത്തില്‍ കൊഹ്ലിയും (12), പുറത്തായതോടെ ഇന്ത്യ അപകടം മണത്തു. പിന്നീടെത്തിയ ധോണിയും, രഹാനെയും (51) ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്തു. സ്ക്കോര്‍ 102ല്‍ നില്‍ക്കെ രഹാനെയും പുറത്തായി. രണ്ട് രണ്സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ റെയ്നയും(0) കളം വിട്ടു. പട്ടേല്‍(13), ഭുനേശ്വര് കുമാര്‍(14)ഹര്ഭജന് (22) എന്നിവര്‍ കാര്യമായ സംഭാവന നല്‍കാതെ പുറത്താകുമ്പോഴും ധോണി ഒരു വശത്ത് കൂറ്റന്‍ ഷോട്ടുകളുമായി നിറഞ്ഞ് നിന്നു.
മൂന്ന് വിക്കറ്റെടുത്ത സ്റ്റൈയ്നും, രണ്ട് വിക്കറ്റെടുത്ത മോര്‍ക്കലുമാണ് പ്രോട്ടിസ് നിരയില്‍ തിളങ്ങിയത്.
Discussion about this post