മുംബൈ: സ്കൂളുകളിലും കോളേജുകളിലും യൂണിഫോം ധരിക്കാൻ എല്ലാ വിഭാഗങ്ങളിൽ പെട്ട വിദ്യാർത്ഥികളും ബാധ്യസ്ഥരാണെന്ന് ശിവസേന നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകനും മഹാരാഷ്ട്ര ടൂറിസം വകുപ്പ് മന്ത്രിയുമായ ആദിത്യ താക്കറെ. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠനത്തിനായിരിക്കണം പ്രാമുഖ്യം. കലാലയങ്ങൾ മതം ആചരിക്കാനുള്ള ഇടങ്ങളല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
മതപരവും രാഷ്ട്രീയവുമായ വിഷയങ്ങൾ സ്കൂളുകളിലും കോളേജുകളിലും എത്തിക്കരുതെന്നും ആദിത്യ താക്കറെ വ്യക്തമാക്കി. കർണാടകയിലെ ഹിജാബ് വിവാദം രാഷ്ട്രീയ പ്രശ്നമായി ഉയർന്നു വന്ന സാഹചര്യത്തിലായിരുന്നു ആദിത്യയുടെ പ്രതികരണം. ഹിജാബ് വിഷയത്തിൽ കോൺഗ്രസ് സ്വീകരിച്ചിരിക്കുന്ന നിലപാടിന് വിരുദ്ധമാണ് ആദിത്യയുടെ നിലപാടെന്നത് ശ്രദ്ധേയമാണ്.
അതേസമയം ഹിജാബ് വിവാദത്തിൽ പരാതിക്കാരായ പെൺകുട്ടികൾക്ക് അനുകൂലമായി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ കർണാടക ഹൈക്കോടതി വിസ്സമ്മതിച്ചു. കേസ് വിശാല ബെഞ്ചിന്റെ പരിഗണനക്ക് വിടാൻ കോടതി നിർദ്ദേശിച്ചു. ഈ സാഹചര്യത്തിൽ ക്രമസമാധാന പാലനം കണക്കിലെടുത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അവയ്ക്ക് സമീപത്തും രണ്ടാഴ്ചത്തേക്ക് പ്രതിഷേധ പ്രകടനങ്ങളും കൂട്ടായ്മകളും നിരോധിച്ച് കർണാടക സർക്കാർ ഉത്തരവിറക്കിയിരിക്കുകയാണ്.
Discussion about this post