ലഖ്നൗ: ഉത്തർ പ്രദേശിൽ ബിജെപി സ്ഥാനാർത്ഥിക്ക് നേരെ ആക്രമണം. അസ്‌മോലി നിയമസഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ഹരേന്ദ്രക്ക് നേരെയാണ് ആക്രമണം. സംഭാൽ ജില്ലയിലായിരുന്നു സംഭവം.
ആക്രമണത്തിൽ ഹരേന്ദ്രയുടെ കാർ പൂർണമായും തകർന്നു. സംഭവം നടക്കുന്നതിനിടെ രക്ഷപ്പെട്ട ഹരേന്ദ്രയും അനുയായികളും പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി ബോധിപ്പിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ അതിവേഗ അന്വേഷണത്തിൽ അക്രമി സംഘത്തിലെ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. ഉത്തർ പ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം പുരോഗമിക്കവെയാണ് അക്രമം.
ഉത്തർ പ്രദേശിൽ 55 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 10നായിരുന്നു ഒന്നാം ഘട്ടം. ഉത്തർ പ്രദേശിനൊപ്പം ഗോവയിലും ഉത്തരാഖണ്ഡിലും ഇന്നാണ് തെരഞ്ഞെടുപ്പ്.








