തിരുവനന്തപുരം: സംസ്ഥാന സർക്കാരിനും കോൺഗ്രസിനുമെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രതിപക്ഷ നേതാവ് വി.ഡി സതീശനെയും മുന്‍ മന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ എ.കെ.ബാലനെയും ഗവര്‍ണര്‍ രൂക്ഷമായി വിമർശിച്ചു. എങ്ങനെയാണ് വിഷയങ്ങളില്‍ പ്രതികരിക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവിന് അറിയില്ല. പ്രതിപക്ഷ നേതാവ് എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് ചെന്നിത്തലയോടും ഉമ്മന്‍ ചാണ്ടിയോടും വി.ഡി. സതീശന്‍ ചോദിച്ച് മനസ്സിലാക്കണമെന്ന് ഗവർണർ പറഞ്ഞു.
ബാലന്‍ ഇപ്പോഴും ബാലനായി പെരുമാറുന്നു. അദ്ദേഹം വളരാന്‍ ശ്രമിക്കുന്നില്ല. മന്ത്രിസ്ഥാനം നഷ്ടപ്പെട്ട ബാലന്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധ ആകര്‍ഷിക്കാനായി ബാലിശമായി പെരുമാറുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു.
രാജ്ഭവനെ നിയന്ത്രിക്കാന്‍ ഗവണ്‍മെന്റ് സെക്രട്ടറിക്ക് അധികാരമില്ലെന്ന് ഗവർണർ വ്യക്തമാക്കി. കേരളത്തിലെ ഒരു ഉദ്യോഗസ്ഥനും അതിനുള്ള അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ടുവര്‍ഷം കൂടുമ്പോള്‍ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിനെ മാറ്റി നിയമിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. സ്റ്റാഫ് നിയമനത്തിന്റെ പേരില്‍ പാര്‍ട്ടി കേഡര്‍ വളര്‍ത്തുന്നു. ഈ രീതി റദ്ദാക്കി അക്കാര്യം നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തണം എന്ന് താന്‍ ആവശ്യപ്പെട്ടിരുന്നതായും ഗവർണർ വെളിപ്പെടുത്തി.
സര്‍ക്കാരിനെ ഉപദേശിക്കാനുള്ള അധികാരം ഗവര്‍ണര്‍ക്കുണ്ട്. പലരും കാര്യം അറിയാതെയാണ് പ്രതികരിക്കുന്നത്. ഒരു കേന്ദ്ര മന്ത്രിക്കുപോലും 12 പേഴ്‌സണല്‍ സ്റ്റാഫാണ് ഉള്ളത്. പക്ഷേ സംസ്ഥാനത്തെ പല മന്ത്രിമാര്‍ക്കും അതില്‍ കൂടുതല്‍ പേഴ്‌സണല്‍ സ്റ്റാഫുണ്ട്. ഇക്കാര്യത്തില്‍ താന്‍ ഫയല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഭരണഘടനക്ക് എതിരാണ് ഇക്കാര്യങ്ങള്‍. സര്‍ക്കാര്‍ കേരളത്തിലെ ജനങ്ങളുടെ പണം ധൂര്‍ത്തടിക്കുന്നത് അനുവദിക്കാനാകില്ലെന്നും ഗവർണർ വ്യക്തമാക്കി.
പൊതുഭരണ സെക്രട്ടറിയെ മാറ്റാന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ല. താന്‍ ഒരു ഉദ്യോഗസ്ഥനെ മാറ്റണമെന്ന് എന്തിന് ആവശ്യപ്പെടണം ? രാജ്ഭവനെ നിയന്ത്രിക്കാനും ഉപദേശിക്കാനും ഗവണ്‍മെന്റ് ഉദ്യോഗസ്ഥന് അധികാരമില്ലെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ഗവർണർ വ്യക്തമാക്കി.
Discussion about this post