കൊച്ചി: നടിയെ ആക്രമിച്ച കേസിന്‍റെ തുടരന്വേഷണം നീട്ടിക്കൊണ്ട് പോകാനാവില്ലെന്ന് പ്രോസിക്യൂഷനോട് ഹൈക്കോടതി. ഈ കേസിൽ മാത്രം എന്താണ് ഇത്ര പ്രത്യേകത എന്നും ഒരു സാക്ഷിയുടെ വെളിപ്പെടുത്തലിൽ എന്താണ് ഇത്രമാത്രം അന്വേഷിക്കാനുള്ളതെന്നും ഹൈക്കോടതി ചോദിച്ചു. നിലവിൽ രണ്ട് മാസം പൂർത്തിയായെന്നും കോടതി ഓർമ്മിപ്പിച്ചു.
തുടരന്വേഷണം പൂർത്തിയാക്കാൻ എത്ര സമയം കൂടി വേണം എന്ന് കോടതി ചോദിച്ചു. സമയപരിധി നിശ്ചയിക്കുന്നതിൽ എതിർപ്പില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. വിചാരണ പൂർത്തിയാക്കാൻ സുപ്രീംകോടതി നാല് തവണ സമയം നീട്ടി നൽകി എന്നും കോടതി ചൂണ്ടിക്കാട്ടി.
ബാലചന്ദ്ര കുമാർ ഈ 4 വർഷം എവിടെ ആയിരുന്നു എന്നും കോടതി ചോദിച്ചു. തുടരന്വേഷണം അന്തിമ ഘട്ടത്തിലാണെന്ന് ഡിജിപി കോടതിയെ അറിയിച്ചു. 20 സാക്ഷികളുടെ മൊഴിയെടുത്തുവെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്‍റെ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.











