ഡൽഹി: ഉക്രെയ്നിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി റുമേനിയയിൽ എത്തിയ വിമാനം യാത്രക്കാരുമായി ഉടൻ ഇന്ത്യയിലേക്ക് തിരിക്കും. മുപ്പതിലധികം മലയാളികൾ അടക്കമുള്ള ഇന്ത്യൻ സംഘമാണ് റുമേനിയ വഴി നാട്ടിലെത്തുന്നത്. റൊമേനിയ അതിർത്തി കടന്ന മലയാളി വിദ്യാർത്ഥികൾ ഇന്ന് വൈകിട്ടോടെ മുംബൈയിൽ എത്തുമെന്നാണ് വിവരം.
470 പേരുടെ സംഘമാണ് റുമേനിയ വഴി ഇന്ത്യയിലേക്ക് എത്തുന്നത്. ഇന്ത്യൻ സമയം രാവിലെ 9.30 ഓടെയാണ് ആദ്യ സംഘം റൊമേനിയിലെ ബുക്കാറെസ്റ്റ് വിമാനത്താവളത്തിൽ എത്തിയത്. ഭക്ഷണവും വെള്ളവും ഇവർക്ക് എംബസി അധികൃതർ വിതരണം ചെയ്തു.
മടക്കയാത്രക്കുള്ള നടപടികൾ പൂർത്തിയാക്കിയതായി വിദ്യാർത്ഥികളും എംബസി അധികൃതരും അറിയിച്ചു. മുംബൈയിലേക്ക് എത്തുന്ന ആദ്യ സംഘത്തെ സ്വീകരിക്കാൻ കേന്ദ്രമന്ത്രി പീയുഷ് ഗോയൽ എത്തും. റൊമേനിയൻ അതിർത്തി വഴി രണ്ടാമത്തെ സംഘത്തെയും ഇന്ന് വിമാനത്താവളത്തിൽ എത്തിക്കും.
ഡൽഹിയിൽ നിന്നും രണ്ടാം വിമാനവും ഇന്ന് ബുക്കാറെസ്റ്റിൽ എത്തും. ഹംഗറിലേക്കും ഇന്ന് ഇന്ത്യൻ വിമാനമുണ്ട്.







