മുംബൈ: ബി.ജെ.പി വിട്ടാല്‍ പാര്‍ട്ടി പിളരുമെന്ന ഭീതിയില്‍ ശിവസേന. നിലവില്‍ ബി.ജെ.പി സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് പാര്‍ട്ടി എം.എല്‍.എമാര്‍ രണ്ടുതട്ടിലാണ്. സര്‍്ക്കാര്‍ പിന്തുണ വിടാന്‍ സേനയിലെ പ്രമുഖരായ ഒരു വിഭാഗം തയാറല്ല. ബി.ജെ.പിക്ക് സംസ്ഥാനത്ത് സ്വാധീനമേറുന്നതും സേനയെ അലട്ടുന്നുണ്ട്.
63 എം.എല്‍.എമാരുള്ള പാര്‍ട്ടിയെ ബി.ജെ.പി പിളര്‍ത്തുമെന്ന ഭീതിയാണ് സേനാ നേതൃത്വത്തിനുള്ളതെന്നാണ് സൂചന. ബി.ജെ.പി ഭരണസഖ്യം തുടരണോ എന്നതില്‍ തീരുമാനമെടുക്കാന്‍ ബിഹാര്‍ നിയമസഭ, മഹാരാഷ്ട്രയിലെ കല്യാണ്ഡോമ്പിവലി നഗരസഭാ തെരഞ്ഞെടുപ്പുകളുടെ ഫലം വരെ കാത്തിരിക്കാനാണ് സേനയിലെ മുതിര്‍ന്ന നേതാക്കളുടെ തീരുമാനം.
2017ല്‍ നടക്കാനിരിക്കുന്ന മുംബൈ നഗരസഭാ തെരഞ്ഞെടുപ്പാണ് ശിവസേനക്ക് ഏറ്റവും പ്രധാനം. നിലവിലെ രാഷ്ട്രീയ സാഹചര്യവും ബി.ജെ.പിയുടെ വളര്‍ച്ചയും ശിവസേനയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഭരണത്തിലിരുന്നുകൊണ്ട് പാര്‍ട്ടി മുഖപത്രത്തിലൂടെ കടുത്ത വിമര്‍ശങ്ങള്‍ എയ്ത് ബി.ജെ.പി നേതൃത്വത്തെയും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെയും വീര്‍പ്പുമുട്ടിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞെന്ന വിലയിരുത്തലിലാണ് സേനാ നേതൃത്വം. ബി.ജെ.പി സര്‍ക്കാറുകളെയും പാക് അനുകൂല നിലപാടുകളെയും പരിഹസിക്കുന്നതായിരുന്നു വ്യാഴാഴ്ച പാര്‍ട്ടി മുഖപത്രത്തിന്റെ മുഖപ്രസംഗം.
കല്യാണ്ഡോമ്പിവലി, മുംബൈ നഗരസഭകളില്‍ ബി.ജെ.പിക്ക് അംഗങ്ങള്‍ കുറവാണ്. ബി.ജെ.പിക്ക് സ്വാധീനമേറുന്ന സാഹചര്യത്തില്‍ അണികളെ പാര്‍ട്ടിയുടെ പരമ്പരാഗത ആക്രമണശൈലിയിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ശിവസേന.
ബിഹാറില്‍ ബി.ജെ.പിക്ക് പരിക്കേല്പിക്കുക എന്ന ലക്ഷ്യത്തോടെ 150ഓളം സ്ഥാനാര്‍ഥികളെയാണ് ശിവസേന സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത്. ബി.ജെ.പി വിമതരെയോ പ്രാദേശികതലത്തില്‍ പ്രാധാന്യമുള്ളവരെയോ ആണ് സേന അവിടെ സ്ഥാനാര്‍ഥികളാക്കിയത്.
ഗുലാം അലിയുടെ കച്ചേരി, പാക് മുന്‍ വിദേശകാര്യ മന്ത്രിയുടെ പുസ്തകപ്രകാശനം എന്നീ വിഷയങ്ങളില്‍ ശിവസേനയെ എതിര്‍ക്കുന്ന നിലപാടാണ് ബി.ജെ.പി കൈക്കൊണ്ടിരുന്നത്.
Discussion about this post