ഇസ്ലാമാബാദ്: പാകിസ്ഥാനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവിൽ കഴിയുന്ന മുൻ ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിന് നിയമസഹായം നൽകാൻ ഇന്ത്യക്ക് അനുമതി നൽകി പാകിസ്ഥാൻ കോടതി. കുൽഭൂഷണ് നീതിപൂർവ്വമായ വിചാരണക്ക് അർഹതയുണ്ട്. ഇതിനായി ഏപ്രിൽ 13ഓടെ അഭിഭാഷകനെ നിയമിക്കാൻ ഇന്ത്യക്ക് അനുവാദം നൽകുകയാണെന്ന് ഇസ്ലാമാബാദ് ഹൈക്കോടതി വ്യക്തമാക്കി.
2017 ഏപ്രിൽ മാസത്തിലാണ് രാജ്യദ്രോഹക്കുറ്റവും ചാരവൃത്തിയും ചുമത്തി മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥനായ കുൽഭൂഷൺ ജാദവിനെ പാക് സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. ഇതിനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ച ഇന്ത്യക്ക് അനുകൂലമായി വിധിയുണ്ടായിരുന്നു.
കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ പുന:പരിശോധിക്കണമെന്നും കുൽഭൂഷണ് നിയമസഹായം നൽകാൻ ഇന്ത്യയെ അനുവദിക്കണമെന്നും 2019 ജൂലൈ മാസത്തിൽ അന്താരാഷ്ട്ര നീതിന്യായ കോടതി പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. കുൽഭൂഷണ് നിയമ സഹായത്തിനായി ഇന്ത്യൻ അഭിഭാഷകനെ നിയമിക്കാൻ അനുവദിക്കണമെന്ന് അന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യമാണ് ഇസ്ലാമാബാദ് ഹൈക്കോടതി ഇപ്പോൾ അംഗീകരിച്ചിരിക്കുന്നത്.
Discussion about this post