ചെന്നൈ: ഉക്രെയ്ൻ സൈന്യത്തിനൊപ്പം ചേർന്ന് റഷ്യക്കെതിരെ യുദ്ധം ചെയ്യാൻ പോയ തമിഴ്നാട് സ്വദേശി ഇന്ത്യയിലേക്ക് മടങ്ങി വരാൻ ആഗ്രഹം പ്രകടിപ്പിച്ചു. കോയമ്പത്തൂര്‍ സ്വദേശിയായ സായ് നികേഷാണ് ഇന്ത്യയിലേക്ക് തിരികെ വരാൻ ആഗ്രഹം പ്രകടിപ്പിച്ചത്. ഇയാൾ ഉക്രെയ്ൻ സൈന്യത്തിന്റെ ഭാഗമായെന്ന വിവരം മാർച്ച് എട്ടാം തീയതി സ്ഥിരീകരിക്കപ്പെട്ടിരുന്നു.
ഇന്ത്യയിലേക്ക് മടങ്ങാന്‍ താത്പര്യപ്പെടുന്ന കാര്യം സായ് നികേഷ് ശനിയാഴ്ച കുടുംബാംഗങ്ങളെ അറിയിച്ചതായാണ് വിവരം. കുടുംബാഗങ്ങളുമായി ഫോണില്‍ സംസാരിക്കവേയാണ് മടങ്ങാനുള്ള ആഗ്രഹം നികേഷ് അച്ഛനെ അറിയിച്ചത്. തുടര്‍ന്ന് കുടുംബം ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടുകയായിരുന്നു.
റഷ്യക്കെതിരെ പോരാടുന്നതിന് താന്‍ ഉക്രെയ്ൻ അര്‍ദ്ധസൈനിക സേനയില്‍ ചേര്‍ന്നതായി സായ് നികേഷ് നേരത്തെ കുടുംബത്തെ അറിയിച്ചിരുന്നു. ജോര്‍ജിയന്‍ നാഷണല്‍ ലെജിയന്‍ എന്ന യുക്രൈനിലെ ഒരു അര്‍ദ്ധസൈനിക വിഭാഗത്തിലാണ് സായ്‌നികേഷ് ചേര്‍ന്നതെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചിരുന്നു. ഹാര്‍കീവിലെ ദേശീയ എയ്റോസ്പേസ് സര്‍വകലാശാലയില്‍ പഠിക്കാന്‍ സായ് 2018-ലാണ് ഉക്രെയ്നിലേക്ക് പോയത്.
Discussion about this post