ഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയെ തുടർന്ന് പഞ്ചാബ് കോൺഗ്രസ് അധ്യക്ഷ സ്ഥാനം നവ്ജ്യോത് സിംഗ് സിദ്ധു രാജി വെച്ചി. തെരഞ്ഞെടുപ്പ് ഫലങ്ങളിൽ അതൃപ്തയായിരുന്ന സോണിയ ഗാന്ധി, തോൽവിക്ക് ഉത്തരവാദികളായ ഭാരവാഹികൾ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് തീരുമാനമെന്ന് സിദ്ധു രാജിക്കത്തിൽ വ്യക്തമാക്കി. ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി ജീവൻ ജ്യോത് കൗറിനോട് ആറായിരം വോട്ടുകൾക്കാണ് സിദ്ധു പരാജയപ്പെട്ടത്.
സിദ്ധുവിന് പുറമെ ഉത്തർ പ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് ലല്ലു, ഉത്തരാഖണ്ഡ് കോൺഗ്രസ് അധ്യക്ഷൻ ഗണേശ് ഗൊദിയാൽ എന്നിവരും രാജി വെച്ചു. ഗോവ കോൺഗ്രസ് അധ്യക്ഷൻ ഗിരീഷ് ചോദങ്കർ, മണിപ്പൂർ കോൺഗ്രസ് അധ്യക്ഷൻ നമീരാക്പം ലോകൻ സിംഗ് എന്നിവരും ഉടൻ രാജി വച്ചേക്കുമെന്നാണ് സൂചന.
ബിജെപി സ്ഥാനാർത്ഥി അസിം കുമാറിനോട് ഉത്തർ പ്രദേശിൽ അജയ് ലല്ലു പരാജയപ്പെട്ടിരുന്നു. പത്ത് വർഷമായി കോൺഗ്രസ് കുത്തകയായിരുന്ന തംകൂഹി രാജ് മണ്ഡലമാണ് ലല്ലു ബിജെപിക്ക് മുന്നിൽ അടിയറവെച്ചത്.








