കൊൽക്കത്ത: പശ്ചിമ ബംഗാളിൽ രാഷ്ട്രീയ കൊലപാതകങ്ങളും കലാപങ്ങളും ആവർത്തിക്കപ്പെടുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് കോൺഗ്രസ്. ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസ് എം പി അധീർ രഞ്ജൻ ചൗധരി രാഷ്ട്രപതി രാമ്നാഥ് കോവിന്ദിന് കത്തയച്ചു. ബീർഭൂമിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ പത്തു പേരെ ചുട്ടുകൊന്ന പശ്ചാത്തലത്തിലായിരുന്നു ഇത്.
കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം സംസ്ഥാനത്ത് നടന്നത് 26 രാഷ്ട്രീയ കൊലപാതകങ്ങളാണെന്ന് കത്തിൽ ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാനത്ത് ഭരണഘടന അപമാനിക്കപ്പെടുകയാണ്. ആർട്ടിക്കിൾ 355 പ്രകാരം ബംഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ഈ സാഹചര്യത്തിൽ കോൺഗ്രസ് ആവശ്യപ്പെടുകയാണെന്ന് കത്തിൽ പറയുന്നു.
കഴിഞ്ഞ ദിവസം നടന്ന കലാപത്തിൽ മാത്രം സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 12 പേരാണ് കൊല്ലപ്പെട്ടത്. സംഭവത്തിലെ പ്രതികളെല്ലാം തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് ക്രമസമാധാനം തകർന്നിരിക്കുകയാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കലാപങ്ങളിലും തെരഞ്ഞെടുപ്പിന് ശേഷം നടന്ന അക്രമ സംഭവങ്ങളിലും നിരവധി പേർ കൊല്ലപ്പെട്ടു. സംസ്ഥാനം ആകെ ഭയപ്പാടിലാണെന്നും കോൺഗ്രസ് പറയുന്നു.
Discussion about this post