ഡല്‍ഹി: വാര്‍ത്താ വിതരണത്തിലെ മേല്‍ക്കോയ്മ ദുരുപയോഗം ചെയ്യുന്നുവെന്ന പരാതിയില്‍ ഗൂഗിളിനെതിരെ അന്വേഷണത്തിന് ഉത്തരവ്. ഇന്ത്യയിലെ പത്ര മാധ്യമങ്ങള്‍ക്കു വേണ്ടി ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി (ഐഎന്‍എസ്) നല്കിയ പരാതിയില്‍ കോംപറ്റീഷന്‍ കമ്മിഷന് ഓഫ് ഇന്ത്യ (സിസിഐ)യുടെതാണ് ഉത്തരവ്.
ഇന്ത്യയിലെ സ്ഥാപനങ്ങള്‍ വന്‍തുക മുടക്കി തയാറാക്കുന്ന ഈ വാര്‍ത്തകള്‍ ഡിജിറ്റലായി നല്കി ഗൂഗിളും മറ്റും വന്‍തുക പരസ്യ വരുമാനം നേടുന്നുണ്ടെങ്കിലും അത് വാര്‍ത്തകള്‍ തയാറാക്കുന്ന ഇന്ത്യയിലെ സ്ഥാപനങ്ങളുമായി പങ്കുവയ്ക്കാന്‍ തയാറാകുന്നില്ല. ഇങ്ങനെ എത്ര വരുമാനം നേടുന്നുവെന്നു പോലും ഇന്ത്യയിലെ മാധ്യമസ്ഥാപനങ്ങള്‍ക്ക് അറിയാനാവില്ല. ഇതിനെതിരെയാണ് ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി പരാതി നല്‍കിയത്.
ഗൂഗിളിന്റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റ് ഇന്കോര്പറേഷന്, ഗൂഗിള്‍ എല്‍എല്‍സി, ഗൂഗിള്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഗൂഗിള്‍ അയര്‍ലന്‍ഡ് ലിമിറ്റഡ്, ഗൂഗിള്‍ ഏഷ്യ പസിഫിക് പ്രൈവറ്റ് ലിമിറ്റഡ് എന്നിവ ന്യൂസ് റഫറല്‍ സര്‍വീസസ്, ഗൂഗിള്‍ അഡ്ടെക് സര്‍വീസസ് എന്നിവയിലെ മേല്‍ക്കോയ്മ ദുരുപയോഗം ചെയ്ത് ഇന്ത്യയിലെ ഓണ്‍ലൈന്‍ ന്യൂസ് വിപണിയില്‍ മത്സര നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്നതായി ഐഎന്‍എസ് പരാതിയില്‍ പറയുന്നു.
ഐഎന്എസിന്റെ പരാതിയില്‍ പ്രഥമദൃഷ്ട്യാ കാമ്പുണ്ടെന്നു കണ്ട സിസിഐ വിശദമായ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഐഎന്‍എസ് നല്കിയ വിവരങ്ങളും ഡിജിറ്റല്‍ ന്യൂസ് പബ്ലിഷേഴ്സ് അസോസിയേഷന് നല്കിയ വിവരങ്ങളും ഡയറക്ടര്‍ ജനറലിനു കൈമാറാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Discussion about this post