മധ്യപ്രദേശില്‍ ഹിജാബ് ധരിച്ച് ക്ലാസ്മുറിയില്‍ നമസ്കരിച്ച വിദ്യാര്‍ത്ഥിനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍. കേന്ദ്ര സര്‍വകലാശാലയായ ഡോ. ഹരിസിങ് ഗൗര്‍ സാഗറിലാണ് സംഭവം. വിദ്യാര്‍ത്ഥിനി ഹിജാബ് ധരിച്ച് നമസ്കരിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെയാണ് സര്‍വകലാശാലയുടെ നടപടി.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഉച്ചയ്ക്കുശേഷം ക്ലാസ്മുറിയില്‍ വിദ്യാര്‍ത്ഥിനി നമസ്കരിച്ചത്. ഇതിന്റെ വിഡിയോ പുറത്തുവന്നതിനു പിന്നാലെയാണ് ഹിന്ദു ജാഗ്രന്‍ മഞ്ച് അടക്കമുള്ള സംഘടനകള്‍ പരാതിയുമായി രംഗത്തെത്തിയത്. സര്‍വകലാശാലയില്‍ ഹിജാബ് ധരിക്കുകയും നമസ്കരിക്കുകയും ചെയ്തെന്ന് കാണിച്ച് സംഘം അധികൃതര്‍ക്ക് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് സര്‍വകലാശാല അന്വേഷണം പ്രഖ്യാപിച്ചതായി വി.സി നീലിമ ഗുപ്ത അറിയിച്ചത്.
സംഭവം അന്വേഷിക്കാന്‍ അഞ്ചംഗ സംഘത്തെ നിയമിച്ചതായി നീലിമ ഗുപ്ത പറഞ്ഞു. ഇതോടൊപ്പം ആരാധനകള്‍ വീട്ടില്‍ വച്ച് നിര്‍വഹിക്കണമെന്ന് വിദ്യാര്‍ത്ഥികളോട് നിര്‍ദേശിച്ചിട്ടുള്ളതാണെന്നും സര്‍വകലാശാല പഠനത്തിനുള്ളതാണെന്നും ഗുപ്ത കൂട്ടിച്ചേര്‍ത്തു. അഞ്ചംഗ സമിതി മൂന്നു ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് രജിസ്ട്രാര്‍ സന്തോഷ് പ്രതികരിച്ചു. റിപ്പോര്‍ട്ടിന് അനുസരിച്ച് നടപടി സ്വീകരിക്കുമെന്നും രജിസ്ട്രാര്‍ അറിയിച്ചു.
കുറേനാളായി വിദ്യാര്‍ത്ഥിനി ഹിജാബ് ധരിച്ച് സര്വകലാശാലയിലെത്താറുണ്ടെന്നും ക്ലാസുകളില്‍ പങ്കെടുക്കാറുണ്ടെന്നും ഹിന്ദു ജാഗ്രന്‍ മഞ്ച് യൂനിറ്റ് പ്രസിഡന്റ് ഉമേഷ് സറഫ് പറയുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എല്ലാ മതക്കാര്ക്കുമുള്ളതാണ്. ഇവിടെ ഇത്തരം മതാചാരങ്ങള്‍ പറ്റില്ലെന്നും ഉമേഷ് വ്യക്തമാക്കി.
Discussion about this post