തിരുവനന്തപുരം: സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിലും ഫാർമസികളിലും മരുന്ന് വില കൂടുന്ന സാഹചര്യത്തിലും ജനങ്ങളുടെ ആശ്രയമായ പ്രധാനമന്ത്രി ജൻ ഔഷധി മെഡിക്കൽ സ്റ്റോറുകളിൽ മരുന്ന് വില കൂടില്ല. കേന്ദ്ര സർക്കാർ പദ്ധതിയായ പ്രധാനമന്ത്രി ജൻ ഔഷധി പദ്ധതിക്ക് കീഴിൽ സംസ്ഥാനത്ത് ആകെ 977 മരുന്ന് ഷാപ്പുകളാണ് ഉള്ളത്. 143 കടകളുള്ള തൃശൂർ ജില്ലയാണ് മുന്നിൽ.
1451 ഇനം മരുന്നുകളും 240 സർജിക്കൽ ഉപകരണങ്ങളും പ്രധാനമന്ത്രി ജൻ ഔഷധി കേന്ദ്രങ്ങൾ വഴി ലഭിക്കും. ബ്രാൻഡഡ് മരുന്നുകളെക്കാൾ പലമടങ്ങ് വിലക്കുറവാണ് ജൻ ഔഷധി കേന്ദ്രങ്ങൾ വാഗ്ദാനം ചെയ്യുന്നത്. ജീവിതശൈലീ രോഗങ്ങൾക്കുള്ള മരുന്നുകൾ തുച്ഛമായ വില നൽകി ഇവിടെ നിന്നും വാങ്ങാവുന്നതാണ്.
വിപണിയിൽ 2.04 രൂപ വിലയുള്ള പാരസെറ്റാമോൾ 650 വെറും 80 പൈസക്ക് ഇവിടെ ലഭിക്കും. 7.17 രൂപ വിപണി വില വരുന്ന അമോക്സിസിലിൻ ഇവിടെ 3.30 രൂപയ്ക്ക് ലഭിക്കും. 18.41 രൂപയുടെ അസിത്രോമൈസിൻ 500 എം ജിക്ക് ജൻ ഔഷധിയിലെ വില 14 രൂപയാണ്.
പ്രമേഹത്തിന്റെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഗ്ലിമിപ്രൈഡ് 1 എം ജിക്ക് വിപണിയിൽ 3.99 രൂപ വില വരുമ്പോൾ ജൻ ഔഷധിയിൽ 40 പൈസയാണ് വില. 4.06 രൂപയുടെ മെറ്റ്ഫോർമിൻ 1000 എം ജിക്ക് ജൻ ഔഷധിയിൽ 1.10 രൂപയാണ് വില. രക്തസമ്മർദ്ദത്തിന് ഉപയോഗിക്കുന്ന ടെൽമിസാർട്ടിൻ 80 എ, ജിക്ക് വിപണിയിൽ 11.16 രൂപയും ജൻ ഔഷധിയിൽ 2.20 രൂപയുമാണ് വില.
കൊളസ്ട്രോൾ നിയന്ത്രണ ഔഷധമായ അറ്റോർവാസ്റ്റാറ്റിൻ 40 എം ജിക്ക് വിപണിയിൽ 21.42 രൂപ വില വരുമ്പോൾ ജൻ ഔഷധിയിൽ വെറും 2.00 രൂപയാണ് വില. ഗ്യാസ്ട്രോ മെഡിസിനായ ഒമിപ്രസോൾ 40 എം ജിയുടെ വിപണി വില 9.25 രൂപയും ജൻ ഔഷധി വില 90 പൈസയുമാണ്. പ്രമേഹ രോഗികൾക്ക് എടുക്കുന്ന ഇൻസുലിൻ കുത്തിവെപ്പിന് വിപണിയിൽ 16.71 രൂപ ചിലവാകുമ്പോൾ ജൻ ഔഷധിയിൽ ഇത് വെറും 7.10 രൂപയ്ക്കാണ് ലഭിക്കുന്നത്.
ഇത്തരത്തിൽ വിവിധ രോഗങ്ങളുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഔഷധങ്ങൾ വലിയ വിലക്കുറവിൽ പ്രധാനമന്ത്രി ജൻ ഔഷധി കേന്ദ്രങ്ങളിൽ നിന്ന് വാങ്ങുവാൻ സാധിക്കും. ഇതിനായി പ്രത്യേകിച്ച് ഒരു രേഖയും ഹാജരാക്കേണ്ടതില്ല. ഡോക്ടറുടെ കുറിപ്പടി മാത്രം മതിയാകും.
Discussion about this post