ഫ്ലോറിഡ: ഫ്ലോറിഡയിലെ പ്രാദേശിക ജീവികൾക്ക് കടുത്ത ഭീഷണി ഉയർത്തുന്ന അധിനിവേശ ജീവിയാണ് ബർമീസ് പെരുമ്പാമ്പ്. ഇത്തരത്തിൽ കൂടുകൂട്ടി മുട്ടയിട്ട് അടയിരിക്കുന്ന പെരുമ്പാമ്പിനെ പ്രാദേശിക ജീവിയായ കാട്ടുപൂച്ച ആക്രമിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആകുകയാണ്. എതിരാളികളില്ലാതെ പെറ്റ് പെരുകിയിരുന്ന പെരുമ്പാമ്പുകളിൽ ഒന്നിനെ ആക്രമിക്കുന്ന കാട്ടുപൂച്ച ജന്തുലോകത്തെ സൂപ്പർ ഹീറോ ആയിരിക്കുകയാണ്.
അതിജീവനത്തിനായുള്ള പ്രാദേശിക ജീവികളുടെ ചെറുത്തു നിൽപാണ് ഇതെന്നാണ് കാട്ടുപൂച്ചയുടെ ആക്രമണത്തെ ഗവേഷകർ വിശേഷിപ്പിക്കുന്നത്. യുഎസ് ജിയോളജിക്കൽ സർവേയാണ് ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്. 9 കിലോയോളം ഭാരം വരുന്ന കാട്ടുപൂച്ചയാണ് കൂടു തകർത്ത് പെരുമ്പാമ്പിന്റെ മുട്ടകൾ ആഹാരമാക്കിയത്.
42 മുട്ടകളാണ് കൂടിനുള്ളിൽ ഉണ്ടായിരുന്നത്. പാമ്പ് കൂടിനുള്ളിൽ ഇല്ലാത്ത സമയത്തെത്തിയായിരുന്നു കാട്ടുപൂച്ചയുടെ ആക്രമണം. ഇടയ്ക്ക് പാമ്പ് കൂട്ടിലുള്ളപ്പോഴും കാട്ടുപൂച്ച ആക്രമിക്കാനെത്തി. പെൺ പെരുമ്പാമ്പിൽ വിരിയാൻ തയാറായ 42 മുട്ടകളാണ് കാട്ടുപൂച്ച നശിപ്പിച്ചത്.
1980കളിൽ വളർത്താനായി കൊണ്ടുവന്ന പെരുമ്പാമ്പുകളെ ഉടമസ്ഥർ ആരുമറിയാതെ വനത്തിലുപേക്ഷിച്ചതാണ് ഇവ പെറ്റുപെരുകാൻ കാരണം. പ്രാദേശിക ജീവികളായ റാക്കൂണുകളെയും ഒപ്പോസത്തെയും മാർഷുകളെയും കോട്ടൺ ടെയ്ലുകളെയും കുറുക്കന്മാരെയും കാട്ടുപൂച്ചകളെയും ഇവ വംശനാശത്തിന്റെ വക്കിൽ എത്തിച്ചിരിക്കുകയാണ്.
Discussion about this post