ഗുവാഹത്തി: അസമിലെ കൊക്രാജറിൽ ഗോത്രവിഭാഗത്തിൽ പെട്ട രണ്ട് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് സെഷൻസ് കോടതി വധ ശിക്ഷ വിധിച്ചു. മുസാമിൽ, നജീബുൾ, ഫാറിസുൾ എന്നിവരാണ് 2021ൽ നീചകൃത്യം ചെയ്തത്. ബലാത്സംഗത്തിനരകളായി കൊല്ലപ്പെട്ട പെൺകുട്ടികളുടെ വീടുകൾ 2021 ജൂൺമാസത്തിൽ സന്ദർശിച്ച വിവരങ്ങളും ചിത്രവും പങ്കുവെച്ച അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ, കോടതി വിധി അഭിനന്ദനാർഹമാണെന്ന് അഭിപ്രായപ്പെട്ടു.
കൊലപാതകം നടന്ന സമയത്ത് പെൺകുട്ടികളുടെ വീടുകളിലെത്തിയ മുഖ്യമന്ത്രി കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും സർക്കാർ വക സഹായങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. വരും നാളുകളിലും കുടുംബത്തിന്റെ എല്ലാ ആവശ്യങ്ങളും നിറവേറ്റാൻ സർക്കാർ ഒപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി.
കേസ് കൃത്യമായി അന്വേഷിച്ച് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്ത പ്രത്യേക അന്വേഷണ സംഘത്തെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അഭിനന്ദിച്ചു. അസമിന്റെ ഗോത്രമേഖലയിൽ ഇസ്ലാമിക മതമൗലികവാദികളുടെ അഴിഞ്ഞാട്ടം അവസാനിപ്പിക്കാൻ സർക്കാരിന് കഴിഞ്ഞതായും മേലിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കോടതി വിധി ഒരു പാഠമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post