ന്യൂഡൽഹി : അധോലോക നേതാവ് ഛോട്ടാ രാജന്റെ ജാമ്യം റദ്ദാക്കി സുപ്രീം കോടതി. 2001-ൽ ഹോട്ടൽ ഉടമയായ ജയ ഷെട്ടിയെ കൊലപ്പെടുത്തിയ കേസിൽ ബോംബെ ഹൈക്കോടതി അനുവദിച്ച ജാമ്യമാണ് ഇന്ന് സുപ്രീം കോടതി റദ്ദാക്കിയത്. ഈ കേസിൽ 2024 മെയ് മാസത്തിൽ മുംബൈയിലെ പ്രത്യേക കോടതി ഛോട്ടാ രാജൻ എന്ന രാജേന്ദ്ര സദാശിവ് നികൽജെയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു.
നിരവധി കേസുകളിൽ ഇതിനകം ശിക്ഷിക്കപ്പെട്ടിട്ടുള്ള ഛോട്ടാ രാജന്റെ ശിക്ഷ സ്റ്റേ ചെയ്യാൻ കഴിയില്ലെന്ന് സുപ്രീം കോടതി വിധിപ്രസ്താവത്തിൽ വ്യക്തമാക്കി. “നാല് കേസുകളിൽ അയാൾ കുറ്റക്കാരനാണെങ്കിൽ, ഈ കേസിൽ അത്തരമൊരു വ്യക്തിയുടെ ശിക്ഷ എന്തിന് താൽക്കാലികമായി നിർത്തിവയ്ക്കണം?” എന്നായിരുന്നു വാദം കേൾക്കുന്നതിനിടെ, ജസ്റ്റിസ് വിക്രം നാഥും ജസ്റ്റിസ് സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ച് ഛോട്ടാ രാജന്റെ അഭിഭാഷകനോട് ചോദ്യമുന്നയിച്ചത്.
2024 ഒക്ടോബർ 23-ന് ബോംബെ ഹൈക്കോടതിയാണ് ഛോട്ടാ രാജന്റെ ശിക്ഷ താൽക്കാലികമായി നിർത്തിവച്ച് ജാമ്യം അനുവദിച്ചിരുന്നത്. ബോംബെ ഹൈക്കോടതിയുടെ ഈ വിധിക്കെതിരെ സിബിഐ ആണ് സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയതനുസരിച്ച് സൗത്ത് മുംബൈയിലെ ഗോൾഡൻ ക്രൗൺ ഹോട്ടലിന്റെ ഉടമയായിരുന്ന കൊല്ലപ്പെട്ട ജയ ഷെട്ടിക്ക് ഛോട്ടാ രാജന്റെ സംഘത്തിൽ നിന്ന് നേരത്തെയും ഭീഷണികൾ ഉണ്ടായിരുന്നു. 2001 മെയ് 4 ന്, ഛോട്ടാ രാജന്റെ ഗുണ്ടാസംഘത്തിലെ രണ്ട് പേർ ജയ ഷെട്ടിയെ ഓഫീസിന് പുറത്ത് വെച്ച് വെടിവച്ചു കൊല്ലുകയായിരുന്നു.
Discussion about this post