ഡല്‍ഹി: പ്രശസ്ത തിരക്കഥാകൃത്തും നടനുമായ ശിവ് കുമാര്‍ സുബ്രഹ്മണ്യം അന്തരിച്ചു. ഞായറാഴ്ച രാത്രിയായിരുന്നു അന്ത്യം. രണ്ടുമാസം മുമ്പാണ് ശിവ് കുമാറിന്റെ 15കാരനായ മകന് ജഹാന് ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് മരിച്ചത്.
ഏറെനാളായി അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്നു. 1989-ല്‍ വിധു വിനോദ് ചോപ്രയുടെ ‘പരിന്ദ’ക്ക് തിരക്കഥയൊരുക്കിയാണ് സിനിമ യാത്രക്ക് തുടക്കമിട്ടത്. മൂന്ന് പതിറ്റാണ്ട് കാലമായി സിനിമ രംഗത്തുള്ള ശിവ് കുമാര്‍ 2014-ല്‍ പുറത്തിറങ്ങിയ റൊമാന്റിക് കോമഡി ചിത്രം ‘2സ്റ്റേറ്റ്സസ്’ലൂടെയാണ് പ്രശസ്തനായത്. അര്ജുന് കപൂര്‍ നായകനായ ചിത്രത്തില്‍ ആലിയ ഭട്ടിന്റെ പിതാവിന്റെ വേഷമായി ശിവ്കുമാറിന്.
പരിന്ദ, 1942 എ ലവ്സ്റ്റോറി, ഇസ് രാത് കി സുബഹ് നഹി, ഹസാറോന്‍ ഖ്വാഹിഷേന്‍ ഐസി എന്നീ ചിത്രങ്ങള്‍ക്ക് രചന നിർവ്വഹിച്ചു. പരിന്ദയുടെ തിരക്കഥക്കും ഹസാറോന്‍ ഖ്വാഹിഷേന്‍ ഐസിയുടെ കഥക്കും ഫിലിംഫെയര്‍ അവാര്‍ഡും ലഭിച്ചു.
പ്രഹാര്‍, ദ്രോഹ്കാല്‍, കാമിനി, 2 സ്റ്റേറ്റ്സ്, ഹിച്ച്കി, തൂഹേ മേരാ സണ്‍ഡേ, ബോംബേ ബോയ്സ്, സ്നിപ്, തീന്‍പത്തി, സ്റ്റാന്‍ലി കാ ഡബ്ബ, ഹാപ്പി ജേണി ആന്‍ഡ് നെയില്‍ പോളിഷ് എന്നിവയാണ് അഭിനേതാവെന്ന നിലയിലെ പ്രധാന ചിത്രങ്ങള്‍.
മുക്തി ബന്ദന്, 24, ലാകോം മേം ഏക് എന്നീ പരമ്പരകളിലും അഭിനയിച്ചു. മീനാക്ഷി സുന്ദരേശ്വറില് സാന്യ മല്‍ഹോത്രയുടെ പിതാവായാണ് അവസാനം അഭിനയിച്ചത്. അഭിനേത്രിയായ ദിവ്യ ജഗ്ദലെയാണ് ഭാര്യ.
Discussion about this post