ലഖ്നൗ: ഹിന്ദു മതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടാൻ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് സഹായം അഭ്യർത്ഥിച്ച് അസദുദ്ദീൻ ഒവൈസിയുടെ പാർട്ടിയായ എ ഐ എം ഐ എമ്മിന്റെ മുൻ ജില്ലാ പ്രസിഡന്റ് മുഹമ്മദ് റുവേദ് സാബിറും ഭാര്യ സമീന പർവീണും. സ്വസമുദായത്തിലെ അനീതികൾക്കെതിരെ പ്രതികരിച്ചതിന് നേരിടേണ്ടി വന്ന വേട്ടയാടലുകളും ഒറ്റപ്പെടുത്തലുകളും കാരണമാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്ന് ഇരുവരും ദേശീയ മാധ്യമത്തോട് പറഞ്ഞു.
തങ്ങളുടെ സ്വന്തം ഇഷ്ടപ്രകാരം ഹിന്ദു മതം സ്വീകരിക്കാൻ ഇസ്ലാം സമുദായത്തിലെ ഒരു വിഭാഗം അനുവദിക്കുന്നില്ലെന്ന് കാട്ടി ഇവർ മൊറാദാബാദ് പൊലീസിൽ പരാതി നൽകി. ഭർത്താവിന്റെ വീട്ടുകാർ നിരന്തരം സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിക്കുകയാണ്. ഇതിനെതിരെ സമുദായത്തിലെ ഉന്നതരെ സമീപിച്ചെങ്കിലും അവർ അവഗണിക്കുകയായിരുന്നു എന്ന് സാബിറിന്റെ ഭാര്യ പറയുന്നു. ഈ സാഹചര്യത്തിലാണ് മതം ഉപേക്ഷിക്കാൻ തയ്യാറാകുന്നതെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് സഹായം അഭ്യർത്ഥിക്കുന്നതെന്നും പർവീൺ പറയുന്നു.
ഹിന്ദുമതത്തിലേക്ക് മാറാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സഹായം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മുഹമ്മദ് റുവാദ് സാബിറും പ്രതീക്ഷ പ്രകടിപ്പിക്കുന്നു. തന്റെ കുടുംബത്തിന് സമാജ് വാദി പാർട്ടിയുടെ പിന്തുണയുണ്ടെന്നും അവർ തന്നെയും ഭാര്യയെയും എന്തും ചെയ്യാൻ മടിക്കില്ലെന്നും സാബിർ ഭയപ്പെടുന്നു.








