ബെംഗളുരു: കെജിഎഫ്: ചാപ്റ്റര്‍ 2 പ്രദര്‍ശനത്തിനിടെ കര്‍ണാടകയില്‍ വെടിവെയ്പ്പ്. അജ്ഞാതര്‍ രണ്ടുതവണ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് 27കാരന് പരിക്കേറ്റു.
കര്‍ണാടകയിലെ ഹവേരിയിലെ രാജശ്രീ സിനിമാ തിയേറ്ററിലാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ സ്വന്തം മണ്ഡലമായ ഹവേരി ജില്ലയിലെ ഷിഗ്ഗോവിലാണ് തിയേറ്റര്‍ ഉള്ളത്. പരിക്കേറ്റയാളെ ചികിത്സയ്ക്കായി കിംസ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സുഹൃത്തുക്കളോടൊപ്പം സിനിമ കാണാന്‍ തിയേറ്ററിലെത്തിയ മുഗളി ഗ്രാമത്തിലെ വസന്തകുമാര്‍ ശിവപൂര്‍ എന്ന യുവാവിനാണ് വെടിവെയ്പ്പില്‍ പരിക്കേറ്റത്. മുന്‍ സീറ്റില്‍ കാലുകള്‍ വെച്ചതായിരുന്നു പ്രശ്നങ്ങള്‍ക്ക് തുടക്കമായാത്.
അജ്ഞാതന്‍ യുവാവിനോട് വഴക്കുണ്ടാക്കുകയും അയാള്‍ തിയേറ്ററില്‍ നിന്ന് പുറത്തിറങ്ങുകയും ചെയ്തു. ഏതാനും മിനിറ്റുകള്‍ക്ക് ശേഷം പിസ്റ്റളുമായി മടങ്ങിയെത്തിയ അയാള്‍ വസന്തകുമാറിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.ഇരുവരും തമ്മില്‍ മറ്റ് ശത്രുതകളില്ലെന്ന് പൊലീസ് പറഞ്ഞു.
അതേസമയം വെടിവെച്ചയാള്‍ ഒളിവിലാണ്, ഇയാളെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ലൈസന്‍സുള്ള തോക്ക് കൈവശമുള്ളവരുടെ പട്ടികയും പരിശോധിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.
Discussion about this post