വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന് ആരോപിച്ച് മലപ്പുറത്ത് യുവാവിന്റെ വീടീന് മുന്നില്‍ കുത്തിയിരിപ്പ് സമരവുമായി തമിഴ് യുവതി. തൃക്കലങ്ങോട് കൂമംകുളത്തെ 22 കാരന്റെ വീട്ടുപടിക്കലാണ് മൂന്ന് ദിവസം പഴനി സ്വദേശിയായ യുവതി സമരം നടത്തിയത്.
ഏഴ് മാസം മുമ്പ് പഠനത്തിനായി ചെന്നൈയിലെത്തിയ യുവാവ് താനുമായി അടുപ്പത്തിലായിരുന്നുവെന്നും, വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്നുമാണ് ആരോപണം. ചെന്നൈയിലെ സ്വകാര്യ ബാങ്ക് ജീവനക്കാരിയാണ് 24 കാരിയായ യുവതി. മാസങ്ങളോളം ഒരുമിച്ച് താമസിച്ചു. ഒരാഴച മുമ്പ് യുവാവ് വീട്ടിലേക്ക് പോയിരുന്നു. വിവാഹത്തിന് കുടുംബത്തിന്റെ സമ്മതം വാങ്ങി വരാമെന്ന് പറഞ്ഞാണ് ഇയാള്‍ മടങ്ങിയത്. എന്നാല്‍ പിന്നീട് വിവരം ഒന്നും ലഭിക്കാതായതോടെയാണ് ഞായറാഴ്ച യുവതി ഇയാളുടെ വീട്ടിലെത്തിയത്.
വിവാഹം നടത്താതെ മടങ്ങില്ലെന്ന വാശിയില്‍ വീട്ടുപടിക്കല്‍ സമരം നടത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ യുവാവും കുടുംബവും വീട്ടില്‍ നിന്ന് അപ്രത്യക്ഷരായി. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് യുവതിയെ മഞ്ചേരി സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. യുവാവിനോടും വീട്ടുകാരോടും ഹാജരാകാന്‍ പൊലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംഭവം നടന്നത് ചെന്നൈയില്‍ വച്ചായതിനാല്‍ അവിടെ പൊലീസില്‍ പരാതിപ്പെടാന്‍ കേരള പൊലീസ് അറിയിച്ചിട്ടുണ്ട്.
Discussion about this post