ബുദ്ധ പൂര്‍ണിമ ദിനമായ തിങ്കളാഴ്ച നേപ്പാള്‍ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗൗതമ ബുദ്ധന്റെ ജന്മസ്ഥലമായ ലുംബിനിയില് സന്ദര്‍ശനം നടത്തുന്നതിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാള്‍ പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദ്യൂബയുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തി. തുടര്‍ന്ന് ഇരു നേതാക്കളുടെയും സാന്നിധ്യത്തില്‍ ഇന്ത്യയും നേപ്പാളും നിരവധി കരാറുകളില്‍ ഒപ്പുവെയ്ക്കുകയും ചെയ്തു.
സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിലെ സഹകരണം സംബന്ധിച്ച് പ്രധാനമന്ത്രി മോദിയുടെയും ഷേര്‍ ബഹാദൂര്‍ ദ്യൂബയുടെയും സാന്നിധ്യത്തില്‍ ആറ് ധാരണാപത്രങ്ങളില്‍ (എംഒയു) ആണ് ഇരുരാജ്യങ്ങളും ഒപ്പുവച്ചത്.
ഇന്ത്യയും നേപ്പാളും ഒപ്പുവച്ച പ്രധാന ഉഭയകക്ഷി കരാറുകള്‍ ഇവയാണ് :
അരുണ്‍ 4 പദ്ധതിയുടെ വികസനത്തിനും നടത്തിപ്പിനുമായി സത്ലജ് ജല്‍ വിദ്യുത് നിഗം ലിമിറ്റഡും നേപ്പാള്‍ ഇലക്ട്രിസിറ്റി അതോറിറ്റിയും (NEA) തമ്മിലുള്ള കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. പദ്ധതിയിലൂടെ പ്രതിവര്‍ഷം ഏകദേശം 2,100 ദശലക്ഷം യൂണിറ്റ് ഊര്‍ജം ഉല്‍പ്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഏകദേശം 4,900 കോടി രൂപയാണ് പദ്ധതിയ്ക്ക് പ്രതീക്ഷിക്കുന്ന ചെലവ്.
ബുദ്ധമത പഠനത്തിനായി ഡോ. അംബേദ്കര്‍ ചെയര്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് കള്‍ച്ചറല്‍ റിലേഷന്‍സും (ഐസിസിആര്‍) ലുംബിനി ബുദ്ധ സര്‍വകലാശാലയും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചു.
ഇന്ത്യന്‍ സ്റ്റഡീസിനായി ഐസിസിആര്‍ ചെയര്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് കള്‍ച്ചറല്‍ റിലേഷന്‍സും ത്രിഭുവന്‍ യൂണിവേഴ്സിറ്റിയിലെ സിഎന്എഎസും തമ്മിലുള്ള ധാരണാപത്രം ഒപ്പുവെച്ചു.
ഇന്ത്യന്‍ സ്റ്റഡീസിനായി ഐസിസിആര്‍ ചെയര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് കള്‍ച്ചറല്‍ റിലേഷന്‍സും (ഐസിസിആര്‍) കാഠ്മണ്ഡു സര്‍വകലാശാലയും (കെയു) തമ്മിലുള്ള ധാരണാപത്രം ഒപ്പുവെച്ചു.
നേപ്പാളിലെ കാഠ്മണ്ഡു യൂണിവേഴ്സിറ്റിയ്ക്കും (കെയു) ഇന്ത്യയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസിനും (ഐഐടി-എം) വേണ്ടിയുള്ള ധാരണാപത്രത്തിലും ഒപ്പുവെച്ചു.
മാസ്റ്റേഴ്സ് തലത്തിലുള്ള ജോയിന്റ് ഡിഗ്രി പ്രോഗ്രാമിനായി നേപ്പാളിലെ കാഠ്മണ്ഡു യൂണിവേഴ്സിറ്റിയും (കെയു) ഇന്ത്യയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും (ഐഐടിഎം) തമ്മിലുള്ള സമ്മതപത്രത്തിലും ഒപ്പുവെച്ചു.
ഇന്ത്യയും നേപ്പാളും തമ്മില്‍ എന്നും ദൃഢമായ സൗഹൃദമാണെന്നും ഇത് മുഴുവന്‍ മനുഷ്യരാശിയ്ക്ക് വേണ്ടിയും പ്രയോജനപ്പെടുത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ബുദ്ധമത സമ്മേളനത്തെ അഭിസംബോധന ചെയ്തു കൊണ്ട് പറഞ്ഞു.
“ഇന്ത്യയും നേപ്പാളും തമ്മില്‍ എക്കാലത്തും ശക്തമായ സൗഹൃദം ആണ് ഉള്ളത്. നിലവിലെ ആഗോള സാഹചര്യങ്ങളില്‍ മുഴുവന്‍ മനുഷ്യരാശിയുടെയും നന്മയ്ക്കായി ഈ സൗഹൃദം പ്രയോജനപ്പെടുത്തും. ഭഗവാന് ബുദ്ധനോടുള്ള ഭക്തിയാണ് നമ്മെ ഒരുമിച്ച് നിര്‍ത്തുകയും ഒരു കുടുംബത്തിലെ അംഗങ്ങളാക്കുകയും ചെയ്യുന്നത്,” പ്രധാനമന്ത്രി പറഞ്ഞു.
2014ല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഇത് അഞ്ചാം തവണയാണ് പ്രധാനമന്ത്രി നേപ്പാള്‍ സന്ദര്‍ശിക്കുന്നത്. അതേസമയം 2019ല്‍ അധികാരത്തിലേറിയതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ആദ്യ നേപ്പാള്‍ സന്ദര്‍ശമാണിത്. ഷേര്‍ ബഹാദൂര്‍ ദ്യൂബ 2017 ഓഗസ്റ്റിലും 2022 ഏപ്രിലിലും ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.
Discussion about this post